Top

ബാലുശേരി ആൾക്കൂട്ട ആക്രമണം; ഒരു ലീഗ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ

25 Jun 2022 3:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലുശേരി ആൾക്കൂട്ട ആക്രമണം; ഒരു ലീഗ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ
X

കോഴിക്കോട്: ബാലുശേരി ആൾക്കൂട്ടാക്രമണക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനായ സുബെെർ കുരുടമ്പത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ 29 പേ‍ർക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

നജാസ് ഫാരിസ്, മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. നജാസിൻറെ മൊഴിയിൽ ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന പരാതി വന്നത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്.

കേസിൽ അറസ്റ്റിലായ നജാസിന് ഡിവൈഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ നജാസ് ഫാരിസിന് ഡിവൈഎഫ്‌ഐയുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ 29 പേരും മുസ്ലീംലീഗ് എസ്ഡിപിഐ പ്രവർത്തകരാണ്. ഇതിൽ ഒരാൾ പോലും ഡിവൈഎഫ്‌ഐ പ്രവർത്തകൻ അല്ല. പ്രാദേശികമായി അന്വേഷിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വികെ സനോജ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതൽ മൂന്നര വരെ സംഘം തന്നെ മർദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ, ലീഗ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

തൻറെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചത്.

STORY HIGHLIGHTS: one more in custody in Balussery mob attack

Next Story

Popular Stories