Top

ഇരു കൂട്ടരും എത്തിയത് സര്‍വ്വ സന്നാഹങ്ങളോടെ; തോട്ടട സംഘത്തെ ആക്രമിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

ബോംബേറിന്റെ കൂടുതല്‍ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.

19 Feb 2022 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരു കൂട്ടരും എത്തിയത് സര്‍വ്വ സന്നാഹങ്ങളോടെ; തോട്ടട സംഘത്തെ ആക്രമിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
X

കണ്ണൂരിലെ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബ് സ്‌ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏച്ചൂര്‍ സ്വദേശി പി രാഹുല്‍ ആണ് അറസ്റ്റിലായത്.

തോട്ടട സംഘത്തെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നയാളാണ് രാഹുല്‍. ഇരു സംഘങ്ങളും വിവാഹ ദിവസം എത്തിയത് ഏറ്റുമുട്ടലുണ്ടാക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായിട്ടായിരുന്നുവെന്നാണ് പുതിയ വിവരം. ബോംബുമായി എത്തിയ തോട്ടട സംഘം, ആക്രമണമുണ്ടായാല്‍ ഉപയോഗിക്കാനായി വാളുകള്‍ കരുതിയിരുന്നു. മറുവശത്ത് ഏച്ചൂര്‍ സംഘവും സമാന സന്നാഹങ്ങള്‍ സജ്ജീകരിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബോംബേറിന്റെ കൂടുതല്‍ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ബോംബ് വീണപ്പോള്‍ ആളുകള്‍ ജീവഭയത്താല്‍ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തീര്‍ത്തും ഭയാനകമായ കാഴ്ച്ചയ്ക്കാണ് തങ്ങള്‍ സാക്ഷിയായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തല ചിന്നി ചിതറിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

വധു ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നതിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായതെന്നും ദൃശ്യങ്ങള്‍ വ്യക്തമാണ്. ഒരു ആക്രമണാന്തരീക്ഷം അരങ്ങേറിയതിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്.

Next Story

Popular Stories