Top

'കുതിരക്കാരന് കാശു കൊടുക്ക്'; തൃക്കാക്കര നഗരസഭയില്‍ തര്‍ക്കം

എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു

11 Oct 2022 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുതിരക്കാരന് കാശു കൊടുക്ക്; തൃക്കാക്കര നഗരസഭയില്‍ തര്‍ക്കം
X

കാക്കനാട്: തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര പരിപാടിയില്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കം. ഓണം ഫെസ്റ്റില്‍ കുതിരയെ പങ്കെടുപ്പിച്ചവര്‍ക്ക് ഉള്‍പ്പെടെ പണം നല്‍കാത്തതില്‍ രണ്ട് ഉദ്യോഗസ്ഥരുടെ സെക്ഷന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ എഎ ഇബ്രാംഹിംകുട്ടി രംഗത്തെത്തി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മാറ്റാന്‍ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോമി റെജി പറഞ്ഞു. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്‍മാന്‍ എഎ ഇബ്രാംഹിംകുട്ടിയും കോണ്‍ഗ്രസ് അംഗമായ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോമി റെജിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു

തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് ഘോഷയാത്ര കൊഴുപ്പിക്കാന്‍ കുതിരയെ ഉള്‍പ്പെടുത്തിയിരുന്നു. വൈസ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരമുള്ള ടീമാണ് കുതിരയെ എത്തിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ വാര്‍ഡില്‍പ്പെട്ട ക്ലബ് അംഗങ്ങള്‍ പരിപാടികളും അവതരിപ്പിച്ചു. ഇവര്‍ക്ക് പണം നല്‍കിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. താന്‍ എല്‍പ്പിച്ചതുകൊണ്ട് പണം നല്‍കിയില്ലെന്നും ഉദ്യോഗസ്ഥര്‍ പണം നല്‍കാതെ തട്ടിക്കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മാറ്റാന്‍ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണെന്നും ഇവരെ മാറ്റിയാല്‍ പദ്ധതി പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും സോമി റെജി കൂട്ടിച്ചേര്‍ത്തു. അതേസമയം പണം നല്‍കാത്തതിന്റെ കാര്യം ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ജീവനക്കാരോട് തിരക്കി. ഓണഘോഷ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്ന കലാരൂപങ്ങള്‍ക്ക് ക്വട്ടേഷന്‍ ലഭിക്കണം. അല്ലാതെ പണം നല്‍കാന്‍ കഴിയില്ലെന്ന് എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

STORY HIGHLIGHTS: Onam festival Dispute in Thrikkakara Municipality

Next Story

Popular Stories