Top

കേരളക്കരക്ക് ഇന്ന് സമൃദ്ധിയുടെ പൊന്നോണം; വായനക്കാർക്ക് ഓണാശംസകൾ

കൂട്ടത്തോടെ പറന്നിറങ്ങുന്ന ഓണത്തുമ്പികളാണ് ഓണവരവറിയിച്ചെത്തുന്നത്poo

8 Sep 2022 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളക്കരക്ക് ഇന്ന് സമൃദ്ധിയുടെ പൊന്നോണം; വായനക്കാർക്ക് ഓണാശംസകൾ
X

മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം. പാവപ്പെട്ടവര്‍ക്ക് ഭാവികാലത്തിലേക്ക് നിറവയറോടെയും നിറമനസ്സോടെയും സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരം. കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ് ഓണത്തിനായുള്ള ഒരുക്കം.

കൂട്ടത്തോടെ പറന്നിറങ്ങുന്ന ഓണത്തുമ്പികളാണ് ഓണവരവറിയിച്ചെത്തുന്നത്. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഇട്ട് തിരുവോണ നാളില്‍ ഓണക്കോടി എന്ന പുതു വസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, മുക്കുറ്റി, കൊങ്ങിണി, ഇലകള്‍, ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്. ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാളന്‍, ഓലന്‍,എരിശ്ശേരി ,അവിയല്‍ ,സാമ്പാര്‍, ഇഞ്ചിപ്പുളി ,പപ്പടം, പഴം, പായസം, ഉപ്പേരി എന്നിവയടങ്ങുന്നവയാണ് പ്രധാന വിഭവങ്ങള്‍.

ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിഭേദമില്ലാതെ കേരളക്കര മുഴുവന്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാര്‍ക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. എല്ലാ റിപ്പോര്‍ട്ടര്‍ ടിവി പ്രേക്ഷകര്‍ക്കും ഐശ്വരത്തിന്റെയും നന്മയുടെയും പൊന്നിന്‍ തിരുവോണം ആശംസിക്കുന്നു.

STORY HIGHLIGHTS: onam celebration 2022

Next Story