Top

ഓണം ബമ്പർ; ടിക്കറ്റ് സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷം അക്കൗണ്ടിൽ

20 Sep 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണം ബമ്പർ; ടിക്കറ്റ് സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷം അക്കൗണ്ടിൽ
X

തിരുവനന്തപുരം: ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം സമ്മാനത്തുക അക്കൗണ്ടിലേക്ക്. ഓണം ബമ്പറിന്റെ സമാശ്വാസ സമ്മാനത്തുകയായ അഞ്ച് ലക്ഷം രൂപയാണ് ടിക്കറ്റ് സമര്‍പ്പിച്ച് അഞ്ച് മണിക്കൂറിനകം രഞ്ജിത വി നായര്‍ എന്ന വിജയിക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് രഞ്ജിത ടിക്കറ്റ് സമര്‍പ്പിച്ചത്.

ഒന്നാം സമ്മാനം നേടിയ 750605 എന്ന നമ്പറുള്ള മറ്റൊരു സീരീസിലുള്ള ടിക്കറ്റാണ് രഞ്ജിതയും എടുത്തത്. ഒന്നാം സമ്മാനം നേടിയ 750605 എന്ന നമ്പറിന്റെ മറ്റ് ഒമ്പത് സീരീസിലുള്ള ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം ലഭിക്കുക. നികുതി കിഴിച്ച് 3.15 ലക്ഷമാണ് ഇവര്‍ക്ക് ലഭിക്കുക. നറുക്കെടുപ്പ് നടന്ന് മൂന്ന് ദിവസത്തിനകം വിജയികള്‍ക്ക് സമ്മാനത്തുക അക്കൗണ്ടില്‍ ലഭിക്കുന്ന സംവിധാനം ആഗസ്റ്റ് 22നാണ് ആരംഭിച്ചത്.

ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപും സമ്മാനത്തുകയ്ക്കായി ലോട്ടറി വകുപ്പില്‍ ടിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നെടുത്ത TJ750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് ലോട്ടറി വകുപ്പ് ഡയറക്ട്രര്‍ അബ്രഹാം റെന്നിനാണ് ടിക്കറ്റ് കൈമാറിയത്. ഒരു ലക്ഷം മുതല്‍ വിജയിച്ചവരും ടിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.

ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്.ഫ്‌ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിരുന്നു.

അതേസമയം, ഓണം ബമ്പറിന് ശേഷം പൂജ ബമ്പറിന്റെയും സമ്മാനത്തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വരെ അഞ്ച് കോടിയായിരുന്ന സമ്മാനത്തുക പത്ത് കോടിയായി വര്‍ധിപ്പിച്ചു. 250 രൂപ വിലയുള്ള ടിക്കറ്റിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്.

Next Story