Top

ഒന്നാം സമ്മാനം തിരുവനന്തപുരത്തേക്ക്; ഭാ​ഗ്യശാലിയെ തിരഞ്ഞ് കേരളം

18 Sep 2022 9:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നാം സമ്മാനം തിരുവനന്തപുരത്തേക്ക്; ഭാ​ഗ്യശാലിയെ തിരഞ്ഞ് കേരളം
X

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാ​ഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ അടിച്ച ടിക്കറ്റ് വിറ്റത്. കൊല്ലം ജില്ലയിൽ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാ​ഗ്യശാലിയുടെ കയ്യിൽ കിട്ടുക.

ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുകയാണ്.

ടിക്കറ്റെടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകർഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്‌ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.comൽ ഫലം പ്രസിദ്ധീകരിച്ചു.

Next Story