Top

മോഹന്‍ലാലും സഹോദരനും തൈക്കാട് ജയനോടൊപ്പം; അപ്പുറത്ത് എംഎം ഹസനും ചെറിയാന്‍ ഫിലിപ്പുമടക്കം, 'കൂട്ടത്തല്ലിന്' സുവര്‍ണജൂബിലി

അന്നത്തെ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായ എം എം ഹസന്‍ മോഡല്‍ ഹൈസ്‌ക്കൂളില്‍ യൂണിറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസംഗിക്കാന്‍ എത്തിയതായിരുന്നു സംഘര്‍ഷത്തിന് തുടക്കം

2 Sep 2022 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഹന്‍ലാലും സഹോദരനും തൈക്കാട് ജയനോടൊപ്പം; അപ്പുറത്ത് എംഎം ഹസനും ചെറിയാന്‍ ഫിലിപ്പുമടക്കം, കൂട്ടത്തല്ലിന് സുവര്‍ണജൂബിലി
X

തിരുവനന്തപുരം: കൂട്ടത്തല്ലും കത്തിക്കുത്തും നിറഞ്ഞ ഒരു സംഘര്‍ഷ ദിനത്തിന്റെ വാര്‍ഷികാഘോഷത്തില്‍ ഒത്തു ചേര്‍ന്ന് പഴയ കാല കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. 1972ല്‍ മോഡല്‍ സ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് തല്ലുകൂടിയ വിദ്യാര്‍ത്ഥികളാണ് 50 വര്‍ഷത്തിന് ശേഷം ഒരുമിച്ചത്. സംഘട്ടനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ നേതൃത്വത്തിലായിരുന്നു കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഒത്തു ചേര്‍ന്നത്.

സംഘര്‍ഷത്തില്‍ എം എം ഹസനേയും കെഎസ് യു നേതാക്കളെയും കൈകാര്യം ചെയ്ത ഇടതുവിദ്യാര്‍ഥി നേതാവായിരുന്ന തൈക്കാട് ജയനും ഒത്തു ചേരലിലെ കേന്ദ്രകഥാപാത്രമായിരുന്നു. രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ പരസ്പരം കടിച്ചു കീറാന്‍ നിന്ന സംഘര്‍ഭരിതമായ കാലഘട്ടം എം എം ഹസനും വി പ്രതാപചന്ദ്രനും ചെറിയാന്‍ ഫിലിപ്പും ബി എസ് ബാലചന്ദ്രനും തൈക്കാട് ജയനും ഓര്‍ത്തെടുത്തു.

അന്നത്തെ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായ എം എം ഹസന്‍ മോഡല്‍ ഹൈസ്‌ക്കൂളില്‍ യൂണിറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസംഗിക്കാന്‍ എത്തിയതായിരുന്നു സംഘര്‍ഷത്തിന് തുടക്കം. അന്നത്തെ കെഎസ് യു നേതാക്കളായ ഇന്നത്തെ കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ ചെറിയാന്‍ ഫിലിപ്പ്, ബി എസ് ബാലചന്ദ്രന്‍ ഉല്‍പ്പെടെയുള്ളവരാണ് ഹസനോടൊപ്പം ഉണ്ടായിരുന്നത്. നടന്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ സഹോദരന്‍ പ്യാരിലാലും ഉള്‍പ്പെടെയുള്ളവര്‍ തൈക്കാട് ജയന്റെയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

പ്രസംഗിച്ച് നിന്നിരുന്ന ഹസന് കല്ലേറില്‍ പരുക്ക് പറ്റിയിരുന്നു. ഇതില്‍ പ്രകോപിതനായ കെഎസ്‌യു പ്രവര്‍ത്തകന്‍ ശിവജി തന്റെ കയ്യില്‍ ഉണ്ടായിരുന്ന പേനക്കത്തിയെടുത്ത് തൈക്കാട് ജയനെ കുത്തി. ഇതില്‍ ജയന് പരുക്കേറ്റതോടെ കൂട്ടതല്ലാവുകയായിരുന്നു. സംഘര്‍ഷം മൂത്തപ്പോള്‍ ഇരുവിഭാഗത്തിലേയും നേതാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

എല്ലാം മറന്ന് ഒത്തുചേരണമെന്ന ആശയം ഹസന് മുന്നില്‍വെച്ചത് ബി.എസ്.ബാലചന്ദ്രനും ശിവജിയുമായിരുന്നു. കെ മോഹന്‍കുമാര്‍, പി കെ വേണുഗോപാല്‍, പിരപ്പന്‍കോട് സുഭാഷ്, വിതുര ശശി, ജോണ്‍, മനോഹരന്‍, കനകാംബരന്‍, പരമേശ്വരന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.

Story highlights: Old-time KSU SFI activists under the leadership of MM Hasan gathered together with the memories of conflict

Next Story