Top

കെഎസ്ആർടിസിക്ക് ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ; 'ഹൈക്കോടതിയെ സമീപിക്കും'

ഇതോടെ പ്രതിദിനം കെഎസ്ആർടിസിക്ക് 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

16 March 2022 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആർടിസിക്ക്  ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ; ഹൈക്കോടതിയെ സമീപിക്കും
X

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് നൽകി വന്ന ഇന്ധന വില വർധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ. ലിറ്ററിന് 21.10 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ റീട്ടെയിൽ വിലയുമായി 27.88 രൂപയുടെ വ്യത്യാസമണ് നിലവിലുള്ളത്. കൺസ്യൂമർ പ്രൈസ് ഇന്നലെ 100.25 രൂപയായിരുന്നു. അത് ഇന്ന് 21.10 രൂപയായാണ് ഉയർത്തിയത്. 21 ശതമാനമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്.

ഇതോടെ പ്രതിദിനം കെഎസ്ആർടിസിക്ക് 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നിലവിൽ ദിനംപ്രതി കെഎസ്ആർടിസി 12 ലക്ഷത്തോളം കിലോ മീറ്ററാണ് സർവ്വീസ് നടത്തുന്നത്. ഇതിനായി 270 മുതൽ 300 കിലോ ലിറ്റർ വരെയുള്ള ഡീസലാണ് ഉപയോ​ഗിച്ച് വരുന്നതെന്നും അധികൃതർ അറിയിച്ചു.

ശമ്പളം ഉൾപ്പെടെയുള്ളവ നൽകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് നിലവിലെ വില വർധനവ് കൂടുതൽ ഭാരം ഉണ്ടാക്കും. അതേസമയം, വിലവർധനവിനെതിരെ നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

അതിനിടെ, വില കുത്തനെ വർധിപ്പിച്ചത് 83 ലക്ഷം വരെ അധിക ബാധ്യത വരുത്തുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആൻറണി രാജു കേന്ദ്ര നടപടി പൊതുഗതാഗത മേഖലയെ തകർക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: fuel prices hike for KSRTC

Next Story

Popular Stories