Top

വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറയും; സിൽവർലൈൻ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന് അധികൃതർ

ആളുകളെ സ്വകാര്യ വാഹനങ്ങൾ വിട്ട് പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് കൂടിയുള്ള പദ്ധതിയാണിതെന്ന് അധികൃതർ പറഞ്ഞു

4 Jun 2022 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറയും; സിൽവർലൈൻ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന് അധികൃതർ
X

തിരുവനന്തപുരം: സിൽവർലൈൻ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഹരിത പദ്ധതിയാണെന്ന് കെ റെയില്‍ അധികൃതര്‍. യാത്രാവേഗം കൂട്ടുക എന്നതിനപ്പുറം പരിസ്ഥിതിക്ക് നാശമുണ്ടാകാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാസർകോട്-തിരുവനന്തപുരം അർധ അതിവേഗ റയിൽ പദ്ധതി യാത്രാവേഗം കൂട്ടുന്നതിനോ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ വേണ്ടി മാത്രം ആസൂത്രണം ചെയ്തിട്ടുള്ളതല്ല. മറിച്ച് പരമാവധി ആളുകളെ സ്വകാര്യ വാഹനങ്ങൾ വിട്ട് പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് കൂടിയുള്ള പദ്ധതിയാണിതെന്ന് അധികൃതർ പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം,

തിരുവനന്തപുരം- കാസർ​ഗോ‍ഡ് സിൽവർലൈൻ അർധ അതിവേ​ഗ റെയിൽ പദ്ധതി നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഹരിത പദ്ധതിയാണ്. യാത്രാവേ​ഗം കൂട്ടുക എന്നതിനപ്പുറം പരിസ്ഥിതിക്ക് നാശമുണ്ടാകാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹാർദമായ യാത്രാസംവിധാനമായാണ് റെയിൽ ​ഗതാ​ഗതം കണക്കാക്കപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം ഏറ്റവും കുറഞ്ഞ ​ഗതാ​ഗത സൗകര്യങ്ങളുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ വലിയൊരു വിഭാ​ഗം ടൂറിസ്റ്റുകളും താൽപര്യപ്പെടുന്നതായി പല സർവ്വേകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കേരളം കാസർ​ഗോഡ്- തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി യാത്രാവേ​ഗം കൂട്ടുന്നതിനോ ​ഗതാ​ഗതപ്ര‌ശ്നങ്ങൾ പരിഹരിക്കുന്നതിനോ വേണ്ടി മാത്രം ആസൂത്രണം ചെയ്തിട്ടുള്ളതല്ല. മ‌റിച്ച് പരമാവധി ആളുകളെ സ്വകാര്യ വാഹനങ്ങ‌ൾ വിട്ട് പൊതു​ഗതാ​ഗത സംവിധാനം കാര്യക്ഷമമായി ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുന്നതിന് കൂടിയുള്ള പ​​ദ്ധതിയാണ് സിൽവർലൈൻ. ഇത്തരത്തിൽ 2030 ആകുമ്പോഴേക്കും 2,87,994 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും.

നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലുമായി 88 കിലോമീറ്റർ പാത തൂണുകളിലൂടെയാണ്‌ പോകുന്നത്‌. ഇതിനാൽ തന്നെ കൃഷി ചെയ്യുന്നതിനോ വെള്ളം ഒഴുകുന്നതിനോ തടസ്സങ്ങളില്ല.

സിൽവർലൈനിന് വേണ്ടി 15 മുതൽ 25 മീറ്റർ വീതിയിലാണ്‌ സ്ഥലം ഏറ്റെടുക്കുന്നത്‌. ആറുവരി ദേശീയ പാതയ്ക്ക്‌ ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണ്ടി വരും. ദേശീയപാത നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്നതിലും പകുതി മാത്രം കല്ല്‌, മണ്ണ്‌, മണൽ എന്നിവ മതി സിൽവർലൈനിന്.

ആറു വരി ദേശീയ പാതയിൽ സഞ്ചരിക്കുന്നതിലുമധികം പേർക്ക്‌ സിൽവർലൈനിൽ യാത്ര ചെയ്യാനും കഴിയും. വാഹനപുക കാരണമുണ്ടാകുന്ന വായു മലിനീകരണത്തിന് പരിഹാരവുമാകും.

പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നു പോവുന്നില്ല. പാത കടന്നു പോകുന്ന ഭാ​ഗത്തുനിന്നും മുറിച്ചു മാറ്റുന്ന ഓരോ മരത്തിനും പകരം പത്ത്‌ മരങ്ങൾ വെച്ചു പിടിപ്പിക്കും.

പ്രധാനപ്പെട്ട മറ്റൊരു നേട്ടം, വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറക്കാൻ കഴിയും എന്നതാണ്. ഊർജം ലാഭിക്കാൻ കഴിയുന്ന വിധത്തിലാണ്

ഇ.ടി.സി.എസ് ലെവൽ ടു സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. സോളാർവൈദ്യുതിയാണ് സിൽവർലൈൻ പ്രവർത്തനങ്ങൾക്ക് വേണ്ടി കൂടുതലായും ഉപയോ​ഗിക്കുന്നത്.

പാരിസ്ഥിതിക നേട്ടങ്ങൾ

• ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കൽ

• തണ്ണീർത്തടങ്ങൾക്ക് സംരക്ഷണം

• നെൽവയലുകളുടെ പുനരുജ്ജീവനം.

• ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ച കെട്ടിടങ്ങൾ

•എനർജി എഫിഷ്യന്റ് മോഡ്

•ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം

• എസ് ഡി ജി 13 ക്ലൈമറ്റ് ആക്ഷൻ

• 100% പുനരുപയോഗ ഊർജ ഉപയോഗം

• ഫോസിൽ ഇന്ധനങ്ങൽ ഒഴിവാക്കും

• വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ

• ശബ്ദ മലിനീകരണം കുറയും

Next Story