Top

മാങ്ങാക്കള്ളന്‍ പൊലീസ് ഒളിവില്‍ തന്നെ; തെരച്ചില്‍ തുടരുകയാണെന്ന് അന്വേഷണസംഘം

ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല

11 Oct 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാങ്ങാക്കള്ളന്‍ പൊലീസ് ഒളിവില്‍ തന്നെ; തെരച്ചില്‍ തുടരുകയാണെന്ന് അന്വേഷണസംഘം
X

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ കണ്ടുപിടിക്കാനാകതെ പൊലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ ഇടുക്കി എസ്പിക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പോലീസുകാരനായ പിവി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.

രാവിലെ കടതുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകകായിരുന്നു. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായിരുന്നതാണ് മോഷ്ടാവിനെ കണ്ടെത്താന്‍ സഹായിച്ചത്. കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പൊലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഷിബാബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

STORY HIGHLIGHTS: officer who stole mangos from shop

Next Story