Top

'എയർഹോസ്റ്റസ് പെണ്ണാണെന്ന് പറഞ്ഞ് വിമാനം നിർത്തിക്കുമോ?, താടിയും തലേക്കെട്ടും വെച്ച് ആൾക്കാരെ മയക്കുന്നു'; ഒ അബ്ദുല്ല

13 May 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എയർഹോസ്റ്റസ് പെണ്ണാണെന്ന് പറഞ്ഞ് വിമാനം നിർത്തിക്കുമോ?, താടിയും തലേക്കെട്ടും വെച്ച് ആൾക്കാരെ മയക്കുന്നു; ഒ അബ്ദുല്ല
X

കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയി‍ൽ നിന്നും ഇറക്കി വിട്ട സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി മാധ്യമ പ്രവർത്തകൻ ഒ അബ്ദുല്ല. പണ്ഡിതരെന്ന് പറഞ്ഞ് കൃത്രിമ വേഷം ധരിച്ച് നടക്കുന്ന ഇത്തരക്കാരെ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഒ അബ്ദുല്ല റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഇസ്ലാമിൽ പറയാത്ത കാര്യമാണ് താടിയും തലേക്കെട്ടും. ഇത്തരം വേഷ വിധാനങ്ങളോടെ പൊതു സമൂഹത്തെ കബളിപ്പിക്കുകയാണ് പണ്ഡിതരെന്ന് സ്വയം അവകാശപ്പെടുന്നവരെന്ന് ഒ അബ്ദുല്ല കുറ്റപ്പെടുത്തി. പത്താം ക്ലാസിലെ കുട്ടിയെ കണ്ട് മതത്തിന്റെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് എന്ന് പറയുന്നത് എന്ത് തരം അഭിനയമാണെന്നും ഒ അബ്ദുല്ല ചോദിച്ചു.

'പഠിച്ച സ്ഥലം ചെകുത്താൻ കുണ്ടിലായിരുന്നെങ്കിൽ എന്തായിരിക്കും ഇവർ പേരിടുക?'

പണ്ഡിതൻമാരെ തിരുത്താൻ പാടില്ലെന്ന് പറയുന്നുണ്ടല്ലോ. ഞാൻ ചോദിക്കട്ടെ ആരാണ് പണ്ഡിതൻ? ഞാൻ ജീവിതം മുഴുവൻ മത പഠനത്തിന് മാറ്റി വെച്ചയാളാണ്. ഈജിപ്തിൽ നിന്നുള്ള പണ്ഡിതൻമാരിൽ നിന്നാണ് ഞാൻ മതം പഠിക്കുന്നത്. ഇവർ പണ്ഡിതനാവാൻ ഓതുന്ന കിതാബുകളേതാണോ ആ കിതാബുകളെല്ലാം അവസാന താൾ വരെ ഞങ്ങളൊക്കെ പഠിച്ചതാണ്. ഞങ്ങൾക്കില്ലാത്തത് ഇവരുടെ കൃത്രിമ വേഷമാണ്. തലയിൽ കെട്ടും താടിയും. ലോകത്തിലെ ഇസ്ലാമിക പണ്ഡിതരിൽ ഭൂരിഭാ​ഗം പേർക്കും താടിയില്ല. ഇസ്ലാമിൽ തലയിൽ കെട്ടിനെ പറ്റി പറയുന്നേ ഇല്ല.

വലിയ എഞ്ചിനീയർമാരും ഐഎസ്ആർഒയിൽ പഠിച്ചവരുമൊന്നും അവരുടെ പേരിനാെപ്പം പാണ്ഡിതത്തിന്റെ അടയാളം കാണിക്കുന്നില്ല. ഇവർ ഹുദവി എന്നൊക്കെ പഠിച്ച സ്ഥാപനത്തിന്റെ പേര് ഒപ്പം ചേർക്കുന്നു. ഇവർ പഠിച്ച സ്ഥലം ചെകുത്താൻ കുണ്ടിലായിരുന്നെങ്കിൽ എന്തായിരിക്കും ഇവർ പേരിടുക? ഇത്തരത്തിലുള്ള പേരുകൾ വെച്ചു കെട്ടി കൃത്രിമമായ ഒരു പരിവേഷം സൃഷ്ടിച്ച് കൊണ്ട് പൗരോഹിത്വത്തിന്റെ ഒരു അന്തരീക്ഷം ഉണ്ടാക്കി, സാധാരണക്കാരായ ആൾക്കാരെ മയക്കുന്നു. ഇത് ഈ അവസരത്തിൽ വെച്ച് പിടികൂടുക തന്നെ വേണം.

'പൗരോഹിത്വത്തിന്റെ ധാർഷ്ട്യത്തെ ഇവിടെ വെച്ച് പിടികൂടണം'

ഇവർ വിമാനത്തിൽ യാത്ര ചെയ്യാറില്ലേ. സീറ്റിനടുത്ത് വനിതകൾ പാടില്ലെന്ന് ഇവർ എഴുതിക്കൊടുക്കുമോ. എയർ ഹോസ്റ്റസുമാർ ആണുങ്ങളാണോ. എയർഹോസ്റ്റസ് സ്ത്രീയാണെന്ന് പറഞ്ഞ് വിമാനം നിർത്തൂ എന്ന് പറഞ്ഞ് ആരെങ്കിലും ഇറങ്ങിപ്പോയിട്ടുണ്ടോ. ഇവർ ബസ് യാത്ര ചെയ്യുന്നില്ലേ. അതിൽ പെണ്ണുങ്ങളുണ്ടാവില്ലേ. ഒരു പത്താം ക്ലാസിലെ പെൺകുട്ടിയെ കാണുമ്പോൾ മതത്തിന്റെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമെന്ന് പറയുന്നത് എന്ത് തരം അഭിനയമാണ്. പൗരോഹിത്വത്തിന്റെ ധാർഷ്ട്യത്തെ ഇവിടെ വെച്ച് പിടികൂടണം. ഇയാൾക്കെതിരെ കേസെടുക്കണം. സമൂഹത്തെയും ഇസ്ലാമിനെയും ആണ് അവർ അപമാനിച്ചിരിക്കുന്നത്.

story highlight: o abdulla against samastha leaders

Next Story

Popular Stories