കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഹൈക്കോടതിയിലേക്ക്; അപ്പീല്‍ പോവാമെന്ന് പൊലീസിന് നിയമോപദേശം
22 Jan 2022 9:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറ്റ വിമുക്തനാക്കിയ വിചാരണ കോടതി വിധിക്ക് എതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. നിയമോപദേശം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്.
വിധിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയും കോടതിയെ സമീപിക്കും. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും അപ്പീല്‍ നല്‍കുമെന്നാണ് വിവരം.
പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. എന്നാല്‍ പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിക്കാനായിരിക്കും പ്രോസിക്യൂഷന്‍ ശ്രമം. തുടര്‍ നടപടികളുടെ ഭാഗമായി കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.