കന്യാസ്ത്രീ സ്വന്തം നിലയിൽ നിയമ പോരാട്ടത്തിന്; നിയമോപദേശം തേടി പൊലീസും
15 Jan 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലൈംഗിക അതിക്രമക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ കന്യാസ്ത്രീ അപ്പീൽ നൽകും. സ്വന്തം നിലയ്ക്കായിരിക്കും ഇവർ അപ്പീലിന് പോവുക. സേവ് ഔവർ സിസ്റ്റേഴ്സ് കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകും. കേസിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് പൊലീസും. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം അപ്പീൽ നൽകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും.
അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. കന്യാസ്ത്രീയുടെ മൊഴി തള്ളിയത് നിസാര പൊരുത്തക്കേടുകളുടെ പേരിലാണെന്നും പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ലെന്നുമാണ് വിലയിരുത്തല്‍. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഉള്‍പ്പെടെ കന്യാസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്.
കന്യാസ്ത്രി മറ്റു ചില സ്ഥാപിത താല്പര്യങ്ങളില് പെട്ടുപോയെന്നും പരാമര്‍ശമുണ്ട്. അധികാരത്തിനു വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും 289 പേജുള്ള വിധി പകര്‍പ്പില്‍ പറയുന്നു.സാക്ഷി മൊഴികള്‍ക്കപ്പുറം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ട്. പരാതിയും കേസും നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോള്‍ കന്യാസ്ത്രീ മൊഴി നല്കി.
പരാതിക്കാരിയുടെ മൊഴി പൂര്‍ണാര്‍ത്ഥത്തില്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ല. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.കന്യാസ്ത്രീകള്‍ക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചതായും വിധി പകര്‍പ്പില്‍ പറയുന്നു. ഇത്തരത്തില്‍ നിശിതമായ വിമര്‍ശനങ്ങളാണ് കോടതി കന്യാസ്ത്രീക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.