Top

നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നു; വരാന്‍ പോകുന്നത് ആനയില്ലാത്ത പൂരമോ?

നാട്ടാനകളുടെ എണ്ണം കുറയുന്നത് തടയാന്‍ 'ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം' നടപ്പാക്കണമെന്ന ആവശ്യം ഇതുവരെ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല

12 Aug 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നു; വരാന്‍ പോകുന്നത് ആനയില്ലാത്ത പൂരമോ?
X

കൊച്ചി: കേരളത്തിന്റെ ആനപ്പെരുമയേക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. ഉത്സവപ്പറമ്പിലും പൂരങ്ങള്‍ക്കും ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കൊമ്പനെ കൗതുകത്തോടെ നോക്കി നിന്ന കുട്ടിക്കാലം എല്ലാ മലയാളികള്‍ക്കുമുണ്ടാകും. എന്തിന്റെയും മൊത്തത്തിലുള്ള അഴകിനെ സൂചിപ്പിക്കാന്‍ ആനച്ചന്തം എന്ന പ്രയോഗമാണ് നാം ഉപയോഗിക്കുന്നത്. ആനക്കഥകളും ചൊല്ലുകളും ഏറെ ജനപ്രിയവുമാണ്. എന്നാല്‍ മുപ്പതുവര്‍ഷത്തിനകം കേരളത്തില്‍ നാട്ടാനകളില്ലാത്ത കാലം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.

നാട്ടാനകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞ് വരുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. ഭാവി തലമുറയ്ക്ക് മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും പോയി നാട്ടാനകളെ കാണേണ്ട അവസ്ഥയാണ് വരാനിരിക്കുന്നത്. ആനയില്ലാതെ പൂരമില്ലെന്ന് പറയുന്നവര്‍ക്ക് കരിവീരന്മാരുടെ തലപ്പൊക്കമില്ലാതെ ഉത്സവങ്ങള്‍ ആസ്വദിക്കേണ്ടിവരും. കേരളത്തിലെ 70 ശതമാനം നാട്ടാനകളും 50 വയസ്സിനുമേല്‍ പ്രായമുള്ളവയാണ്. ആനകള്‍ നൂറുവയസ്സുവരെ ജീവിക്കുമെന്ന് പറയുമെങ്കിലും 80 വയസ്സിനപ്പുറം ആയുര്‍ദൈര്‍ഘ്യം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

നാട്ടാനകളുടെ എണ്ണം കുറയുന്നത് തടയാന്‍ 'ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം' നടപ്പാക്കണമെന്ന ആവശ്യം ഇതുവരെ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ആന പരിപാലന കേന്ദ്രങ്ങളില്‍ ആനകളുടെ പ്രജനനം ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. വനം വകുപ്പിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 29 നാട്ടാനകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാല് വര്‍ഷത്തിനിടെ ചരിഞ്ഞത് 73 നാട്ടാനകളാണ്. 2018-ല്‍ 521 നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 448 എണ്ണമാണുള്ളത്. പ്രായാധിക്യം, അനാരോഗ്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയും നാട്ടാനകളുടെ എണ്ണം കുറയുന്നതിന് കാരണമാണ്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനപിടിത്തം നിരോധിച്ചതും 2002-ല്‍ വന്ന ഭേദഗതിയില്‍ ആനവില്‍പ്പന നിരോധിച്ചതും എണ്ണം കുറയുന്നതിന്റെ കാരണങ്ങളാണ്. ആന സംരക്ഷണ കേന്ദ്രങ്ങളും കേരളത്തില്‍ അന്യം നിന്നു പോകുകയാണ്. നിലമ്പൂരും കോടനാടുമായി വനം വകുപ്പിന്റെ ആനക്കൊട്ടിലുകളുണ്ടായിരുന്നത് കോടനാട് മാത്രമായി ചുരുങ്ങി. കേരളത്തിലെ ഉടമകളുടെ കയ്യില്‍ കൂടുതലും കൊമ്പനാനകളായതിനാല്‍ വംശവര്‍ധനയ്ക്കും സാധ്യതയില്ല. കാട്ടില്‍ നിന്ന് ഒറ്റപ്പെട്ട് വരുന്ന കുട്ടിയാനകളെ നാട്ടാനകളുടെ കൂട്ടത്തിലേക്ക് കൂട്ടാനും നിയമം അനുവദിക്കുന്നില്ല.

ആന പരിപാലനത്തിലും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ നിലവിലുള്ള ആനകളെ നോക്കിനടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ഥിതിയാണെന്ന് ആനയുടമകള്‍ പറയുന്നു. ഒരാനയ്ക്കുള്ള ഒരു ദിവസത്തെ ഭക്ഷണ ചെലവ് 5,000 വരെയാണ്. എഴുന്നള്ളിപ്പിലൂടെ കിട്ടുന്ന തുക വര്‍ഷം മുഴുവന്‍ ആനയെ പരിപാലിക്കാനും പാപ്പാന് കൂലി കൊടുക്കാനും തികയില്ല. തിരുവനന്തപുരം കോട്ടൂരില്‍ വനം വനകുപ്പിന്റെ പുന:രധിവാസ കേന്ദ്രം വരുന്നത് പ്രതീക്ഷയാണെന്ന് വന്യജീവി ഗവേഷകനായ ഡോ പി എസ് ഈസ പറയുന്നു. 'വ്യക്തികളുടെ കൈവശമുള്ള ആനകളെ കൈമാറ്റം ചെയ്യാന്‍ അനുവദിച്ചാല്‍ ആനകളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അതൊരു ആശ്വാസമാകും', എന്നും പി എസ് ഈസ പറഞ്ഞു.

'ആനപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ ഉടമസ്ഥര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉടമകള്‍ ആനയെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നവരാണെന്നാണ് പൊതുധാരണ. ഇത് തെറ്റാണ്. അപൂര്‍വ്വം ആനയുടമകള്‍ ഒഴിച്ച് എല്ലാവരും പ്രതിസന്ധിയിലാണ്', എന്ന് ആന ഉടമസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് പറയുന്നു.

STORY HIGHLIGHTS: Kerala Facing Fall in the Number of Elephants

Next Story