സിപിഐഎം പ്രവര്‍ത്തകയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചത് പാര്‍ട്ടി വനിത കൗണ്‍സിലര്‍; വിവരം പാര്‍ട്ടിയെ അറിയിച്ചത് മഹിളാ അസോസിയേഷന്‍ നേതാക്കള്‍
നഗ്നവീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
28 Nov 2021 8:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ സിപിഐഎം നേതാക്കളുടെ പീഡനത്തിനിരയായ പ്രവര്‍ത്തകയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരില്‍ നഗരസഭയിലെ രണ്ട് വനിതാ കൗണ്‍സിലര്‍മാരും. സിപിഐഎം വനിതാ കൗണ്‍സിലര്‍മാരായ ഇവരടക്കം 10 പേര്‍ക്കെതിരെയും തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്. നഗ്നവീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തക കൂടിയായ യുവതിയുടെ പരാതിയില്‍ തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാറില്‍ വച്ച് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച്, നഗ്നദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതി. കേസില്‍ സജിമോന്‍ ഒന്നാം പ്രതിയും നാസര്‍ രണ്ടാം പ്രതിയുമാണ്. പീഡനം, നഗ്‌ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സജിമോനെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും, ആള്‍മാറാട്ടം നടത്തി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ ബ്രാഞ്ചിലേക്ക് പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി രംഗത്തെത്തി. യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഫ്രാന്‍സിസ് പറഞ്ഞു. ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതായി മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ മേല്‍ക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കുറ്റവാളികള്‍ക്കെതിരെ സംഘടനപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് വ്യക്തമാക്കി.