'ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരും'; ബഫർ സോണിൽ മുന്നറിയിപ്പുമായി എൻഎസ്എസ്
അതേസമയം ബഫർ സോണിൽ വിവാദമായ ഉപഗ്രഹ സർവേ റിപ്പോർട്ട് മാറ്റി 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ട് അടിസ്ഥാന രേഖയാക്കാനാണ് സർക്കാർ തീരുമാനം
21 Dec 2022 3:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എൻഎസ്എസ്. ബഫര്സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണം. സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്ക്കാര് ശ്രമിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം ബഫർ സോണിൽ വിവാദമായ ഉപഗ്രഹ സർവേ റിപ്പോർട്ട് മാറ്റി, 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ട് അടിസ്ഥാന രേഖയാക്കാനാണ് സർക്കാർ തീരുമാനം. ഇന്ന് തന്നെ ഭൂപടം അടങ്ങിയ സീറോ ബഫർ സോൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പരാതികൾ കേൾക്കും. ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല പരിധിയിൽ നിന്നും ഒഴിവാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങൾ പൂർണ്ണമായും ഒഴിവാക്കും. മാപ്പ് ഇന്ന് വനം വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തെ ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ബഫർ സോൺ വിഷയത്തിൽ തെറ്റിദ്ധാരണ ജനകമായ വിവരങ്ങൾ എത്തിച്ച് ആശങ്ക പരത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളേയും ജീവനോപാദികളേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. എല്ലാ കെട്ടിടങ്ങളേയും ചേർത്ത് ആണ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. കെട്ടിടങ്ങൾ ഫീൽഡ് സർവേ വഴി കണ്ടെത്തും. ഉപഗ്രഹ സർവേയിലെ പരാതികൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ പരിശീലനം തീരുന്ന മുറക്ക് സർവേ തുടങ്ങാനാണ് ഇന്ന് ധന-റവന്യൂ-വനം മന്ത്രിമാർ വിളിച്ച പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം. ഈ ഫീൽഡ് സർവ്വെ റിപ്പോർട്ട് കൂടി സുപ്രീം കോടതിയിൽ നൽകാനാണ് സർക്കാർ ശ്രമം.
STORY HIGHLIGHTS: NSS warning goverment on buffer zone