Top

'തൊഴില്‍രഹിതരും വിദ്യാര്‍ഥികളും വിദേശ തൊഴിലിനായി കാത്തിരിക്കുന്നവരും'; ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ഇപ്പോഴും ഇവര്‍ക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് .

29 Oct 2022 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴില്‍രഹിതരും വിദ്യാര്‍ഥികളും വിദേശ തൊഴിലിനായി കാത്തിരിക്കുന്നവരും; ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്
X

ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്ത്. ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും ആയിട്ടുള്ളവരാണ് കേസിലെ പ്രതികള്‍. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ഇപ്പോഴും ഇവര്‍ക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്‍എസ്എസ് പ്രസ്താവന: ''ശബരിമല യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കം നിരവധി വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളിലായി എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും ആയിട്ടുള്ളവരാണ് ഇതില്‍ ഏറിയ ഭാഗവും. പതിനേഴായിരത്തോളം കേസുകളിലായി ഏകദേശം 68,000 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന വാര്‍ത്തയാണ് അന്ന് പുറത്തുവന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായിട്ടും അറിയാന്‍ കഴിഞ്ഞു.''

''ഇതിലും വളരെ ഗൗരവമേറിയ പല കേസുകളും പല കാരണങ്ങളാലും സര്‍ക്കാരിന് നിരുപാധികം പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തില്‍, ഇവരുടെ പേരില്‍ എടുത്തിട്ടുള്ള പ്രസ്തുത കേസുകള്‍ ഇനിയുമെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മികത്തരവാദിത്വം ഒരു ജനാധിപത്യ സര്‍ക്കാരിനുണ്ട്. വിശ്വാസി സമൂഹത്തിനെതിരെ എടുത്തിട്ടുള്ള ഇത്തരം കേസുകള്‍ പിന്‍വലിക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റിയും മറ്റു പല സംഘടനകളും സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നിരുന്നാലും അതിന്മേല്‍ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചതായി അറിയുന്നില്ല. ഇത് ഹൈന്ദവവിശ്വാസികള്‍ക്കെതിരെയുള്ള ഒരു വെല്ലുവിളിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത പലരെയും പ്രതികളാക്കിക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അവര്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയുമാണ്.''

''പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇതു സംബന്ധിച്ച് വിശ്വാസിസമൂഹവും ഗവണ്മെന്റുമായി ഉണ്ടായ അഭിപ്രായ ഭിന്നതയ്ക്കും തുടര്‍നടപടികള്‍ക്കും ഒരു ശാന്തത കൈവന്നിരിക്കുന്ന സാഹചര്യത്തില്‍ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും നടപടി ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.''

Next Story