എന്‍എസ്എസ് റജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു; പിന്നില്‍ തരൂരിന്റെ പെരുന്ന സന്ദര്‍ശനം
രാജ്യത്തെ പ്രധാനമന്ത്രി വരെയാകാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
8 Jan 2023 10:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: എന്‍എസ്എസ് റജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു. ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നാണ് വിവരം. ജനറല്‍ സെക്രട്ടറി തന്നെ രജിസ്ട്രാര്‍ പദവി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനൊപ്പം സുകുമാരന്‍ നായര്‍ക്കുമൊപ്പം പിഎന്‍ സുരേഷും നില്ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിയിലേക്ക് നയിച്ച തര്‍ക്കം രൂപപ്പെട്ടതെന്നാണ് വിവരം. സുരേഷിനെ സുകുമാരന്‍ നായര്‍ തന്റെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്നും സുകുമാരന്‍ നായരെ എതിര്‍ക്കുന്ന വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഉണ്ടായത്.
രാജ്യത്തെ പ്രധാനമന്ത്രി വരെയാകാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാവര്ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം. തരൂര്‍ ഡല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
കോണ്‍ഗ്രസിലെ തന്നെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളാണ് തരൂര്‍. കൂടാതെ സാധാരണക്കാരനൊപ്പം നില്ക്കുന്ന നേതാവാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനെ പോലെ കാണേണ്ടതില്ല. മന്നം ജയന്തിയില്‍ തരൂര്‍ പങ്കെടുത്തത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് പറയുന്നതില്‍ കുറച്ച് സത്യമുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ലെ തെരഞ്ഞെടുപ്പില്‍ നായന്മാര് വോട്ട് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ പോലും ലഭിക്കില്ലായിരുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈഴവരും ഉള്‍പ്പടെ കോണ്‍ഗ്രസിനെ കൈവിട്ടു. പക്ഷെ എന്‍എസ്എസ് അവര്‍ക്കൊപ്പം നിന്നു. യുഡിഎഫിന് എപ്പോഴും തുറന്നമനസാണെന്നും, എന്‍എസ്എസിനെ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫ് അങ്ങനല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ശരിയായ കാര്യങ്ങള്‍ക്ക് സഹായം ചോദിച്ച് സമീപിച്ചാല്‍ പോലും എല്‍ഡിഎഫിലെ നായര്‍ നേതാക്കള്‍ സഹായിക്കാറില്ല. എന്‍എസ്എസ് യൂണിറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ ജയിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: NSS REGISTRAR RESIGNED