Top

'കേരളം കമ്പ്യൂട്ടറിനേയും എതിര്‍ത്തില്ലേ'; വീടിനകത്ത് കയറി കല്ലിടുന്നത് ശരിയല്ല; ബഫര്‍സോണിലും വ്യക്തത നല്‍കി എന്‍എസ് രഘുചന്ദ്രന്‍ നായര്‍

വായ്പയെടുക്കുന്ന തുക തിരിച്ചടയ്ക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് നോക്കിയേ പണം നല്‍കൂ

28 April 2022 8:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം കമ്പ്യൂട്ടറിനേയും എതിര്‍ത്തില്ലേ; വീടിനകത്ത് കയറി കല്ലിടുന്നത് ശരിയല്ല; ബഫര്‍സോണിലും വ്യക്തത നല്‍കി എന്‍എസ് രഘുചന്ദ്രന്‍ നായര്‍
X

തിരുവനന്തപുരം: കേരളത്തിലൊരു അഭിമാന പദ്ധതി വരുമ്പോള്‍ അത് ഇല്ലാതാക്കരുതെന്ന് കെ റെയില്‍ സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചുകൊണ്ട് എന്‍എസ് രഘുചന്ദ്രന്‍ നായര്‍. പൊതു ഗതാഗത സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. എന്ത് പദ്ധതി വന്നാലും ഇവിടെ എതിര്‍പ്പുയരും. അക്കാര്യത്തില്‍ മാറ്റം വരണമെന്നും രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

'സിയാല്‍ വിമാനത്താവളത്തിനെതിരെ, വിഴിഞ്ഞത്തിനെതിരെ, ഗെയിലിനെതിരെ ഒക്കെ എന്നും എതിര്‍പ്പുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഇതൊന്നും നടക്കില്ലായെന്ന ചിന്താഗതിയാണ്. കേരളത്തിലെ യുവാക്കളെല്ലാം അമേരിക്കയിലേക്കും കാനഡയിലേക്കും പോവുകയാണ്. ഒരുകാലത്ത് കേരളം ഹൈവേയും കമ്പ്യൂട്ടറിനേയും എതിര്‍ത്തില്ലേ. ഇതെല്ലാം 25 വര്‍ഷം കഴിഞ്ഞാല്‍ തിരിച്ചുവരും' രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

വായ്പയെടുക്കുന്ന തുക തിരിച്ചടയ്ക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് നോക്കിയേ പണം നല്‍കൂ. കേന്ദ്രം അനുവദിക്കുമോ, കേരളത്തിന് ഇത് താങ്ങാനാകുമോ എന്നൊക്കെ നോക്കിയേ ഏത് ഏജന്‍സിയും പണം കൊടുക്കാറുള്ളൂ. ആളുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം. LARA ആക്ട് പോലെ തന്നെ കൃത്യമായ ഒരു പദ്ധതിയും നിയമവും വേണം. 13,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാന്‍ പോകുന്നത്. ആ പണം നമ്മുടെ സംവിധാനത്തിനകത്ത് തന്നെ വിനിമയം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം പദ്ധതി നടത്തിപ്പിനായി ആളുകളുടെ വീടിനകത്ത് കയറി കല്ലിടുന്നത് ശരിയല്ല. ആളുകളെ വിശ്വാസത്തിലെടുത്ത് തന്നെ സര്‍വേ നടത്തണം. ആളുകളുടെ സംശയം ദുരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ പ്രോജക്ടുകളുടെ ബഫര്‍ സോണ്‍ 30 മീറ്ററാണ്. കെ റയില്‍ ബഫര്‍ സോണ്‍ 10 മീറ്ററേ ഉള്ളൂ. ബഫര്‍ സോണുള്ളവര്‍ക്കും വീട് വാങ്ങാനും, ലോണെടുക്കാനും എന്‍ഒസി വാങ്ങണം എന്നേയുള്ളൂ. ബഫര്‍ സോണിനെ ഭയക്കേണ്ടതില്ല. രാവിലെ ഓഫീസിലേക്ക് പോകുന്നതിനായി സില്‍വര്‍ലൈനില്‍ കയറി ഒരു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളം എത്തിയാല്‍ ഇവിടെ ബിസിനസ് സംരംഭങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുമെന്നും വിദേശികള്‍ കൂടുതലായി എത്തുമെന്നും രഘുചന്ദ്രന്‍ നായര്‍ പദ്ധതിയെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു. എതിര്‍പ്പ് കാരണം വൈകിയാല്‍ പദ്ധതിച്ചെലവ് കൂടുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളം 96 ലക്ഷം ഏക്കറാണുള്ളത്. ഇന്ത്യയിലെ 1.1% ഭൂപ്രകൃതി മാത്രമേ കേരളത്തിലുള്ളൂ. കേരളത്തിലിനി വികസനത്തിനായി ഒരു 15 ലക്ഷം ഏക്കര്‍ മാത്രമേ ഉണ്ടാകൂ. 1000 പേര്‍ക്ക് 5 കി. മീ റോഡാണ് ഉള്ളത്. നിലവില്‍ ആയിരം പേര്‍ക്ക് 425 വാഹനങ്ങളുണ്ട്. ദേശീയശരാശരിയില്‍ ഇത് 180 വാഹനങ്ങളേ ഉള്ളൂ. നമ്മള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വളരെ മുന്നിലാണ്. കെ റെയിലിനെ മംഗലാപുരത്തേക്ക് നീട്ടാനാകുമോയെന്നാലോചിക്കണം. ഇന്റര്‍മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് വേണം. കേന്ദ്രസര്‍ക്കാരിന്റെ DIAMOND QUADRILATERAL- പദ്ധതിയിലേക്ക് കണക്ട് ചെയ്യാനാകുമോയെന്നതും ആലോചിക്കണമെന്നും രഘുചന്ദ്രന്‍ നായര്‍ കൂട്ടിചേര്‍ത്തു.

Next Story