Top

'സ്‌ക്രീന്‍ ഷോട്ട് കൃത്രിമം, സ്‌ക്രോള്‍ ചെയ്തപ്പോള്‍ കണ്ടില്ല'; ഔദ്യോഗിക ഗ്രൂപ്പില്‍ വരുന്ന വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

സംഘനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ചോര്‍ന്നു പോകുന്നുണ്ടെന്ന സംശയവും നുസൂര്‍ കൂട്ടിചേര്‍ത്ത് പറഞ്ഞു.

18 July 2022 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌ക്രീന്‍ ഷോട്ട് കൃത്രിമം, സ്‌ക്രോള്‍ ചെയ്തപ്പോള്‍ കണ്ടില്ല; ഔദ്യോഗിക ഗ്രൂപ്പില്‍ വരുന്ന വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എംഎസ് നുസൂര്‍. ആസൂത്രണത്തിന്റെ തെളിവുകള്‍ സൂചിപ്പിക്കുന്ന 'യൂത്ത് കോണ്‍ഗ്രസ് ഒഫീഷ്യല്‍' എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌കീന്‍ ഷോട്ട് കൃത്രിമമായി നിര്‍മ്മിച്ചതാണോയെന്ന് സംഘടന സംശയിക്കുന്നതായി നുസൂര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ളവര്‍ അംഗമായിട്ടുള്ള ഈ ഗ്രൂപ്പില്‍ ഇത്തരമൊരു സന്ദേശം കെ എസ് ശബരീനാഥന്റേതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, സംശയം മാറ്റാന്‍ സ്‌ക്രോള്‍ ചെയ്ത് നോക്കിയെന്നും, കണ്ടില്ലെന്നും നുസൂര്‍ പറഞ്ഞു. സംഭവത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖ്മുഖം പൊലീസ് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടി വിയോടാണ് നുസൂറിന്റെ പ്രതികരണം.

സംഘനയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ചോര്‍ന്നു പോകുന്നുണ്ടെന്ന സംശയവും നുസൂര്‍ കൂട്ടിചേര്‍ത്ത് പറഞ്ഞു. അക്കാര്യം അന്വേഷിച്ച് വരികയാണ്. എന്തിരുന്നാലും കൂടിയാലോചനയ്ക്ക് ശേഷം മാത്രം വിഷയത്തില്‍ ശബരിനാഥ് പ്രതികരിക്കൂവെന്നും നുസൂര്‍ അറിയിച്ചു.

നുസൂറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

"യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പ് ആണോ കൃത്രിമമായി സൃഷ്ടിച്ചതാണോയെന്ന് അറിയില്ല. ഇത് സംബന്ധിച്ച് പഠിക്കാനുണ്ട്. ഇതിനകത്ത് ഇത്തരമൊരു ചര്‍ച്ച നടന്നതായി ഓര്‍മ്മയില്‍ വരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളുമായി ഇത് കൂടിയാലോചിക്കേണ്ടതായിട്ടുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ വരുന്ന വാര്‍ത്തകള്‍ ചില ദിവസങ്ങളിലായി ചോരുന്നുണ്ട്. അതില്‍ അന്വേഷണം നടത്തണം. ഇത് ഔദ്യോഗികമായ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണെന്ന് തോന്നത്തക്ക വിധം നിര്‍മ്മിച്ചതാണെന്ന സംശയം നില്‍ക്കുന്നുണ്ട്.

കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ശബരിനാഥ് വിഷയത്തില്‍ പ്രതികരിക്കൂ. വിമാനത്തിനകത്ത് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അങ്ങനെയൊരു പോരാട്ടം നടത്തിയിട്ടുണ്ടെങ്കില്‍ അവരെ തള്ളിപറയാന്‍ നില്‍ക്കില്ല. കൂടെ നില്‍ക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇവരെ കയ്യേറ്റം ചെയ്തതും കണ്ടവരാണ് ഞങ്ങള്‍. അന്നൊക്കെ സംയമനം പാലിച്ചിട്ടേയുള്ളൂ.

ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന കാര്‍ഡ് ക്രിയേറ്റ് ചെയ്യാന്‍ എളുപ്പമാണ്. അതീവ ഗൗരവമായിട്ടാണ് കാണുന്നത്. അന്വേഷണവുമായി സംസ്ഥാന നേതൃത്വം സഹകരിക്കും. കൂടിയാലോചന നടത്തിയെങ്കില്‍ ഞാനും പ്രതിയാണ്. ഇങ്ങനെയൊരു സംഭവം പ്ലാന്‍ ചെയ്തതല്ലെന്ന് എനിക്ക് പറയാന്‍ പറ്റും."

'കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്' എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് ലോഗോ ഡിസ്‌പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ട് എന്ന വിവരമാണ് ശബരീനാഥന്‍ എംഎല്‍എ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍ നിന്നും സന്ദേശമയച്ചിരിക്കുന്നത്. 'രണ്ടു പേര് ഫ്‌ലൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍...' എന്ന് അപൂര്‍ണ്ണമായ നിര്‍ദ്ദേശവും ഇതിനൊപ്പമുണ്ട്. എന്തായാലും ഫ്‌ലൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ എന്നും ഈ നമ്പറില്‍ നിന്നുള്ള മെസേജിലുണ്ട്.

ഇതിന് മറുപടിയായി പി പി അഭിലാഷ് ഐവൈസി എന്ന് വാട്‌സ്ആപ്പില്‍ പേരുള്ള നമ്പറില്‍ നിന്നും ഫ്‌ലൈറ്റില്‍ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പില്‍ ആരായുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പറയുന്നു. ആബിദ് അലി എന്നൊരാള്‍ ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യ് എന്ന് ശബരിനാഥനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മറുപടിയായി ദുല്‍ഖിഫില്‍ ഒരു വോയ്‌സ് മെസേജ് അയച്ചതും സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വ്യക്തമാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് ഈ വാട്‌സ്ആപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ എവിടെ നിന്നാണ് ലഭിച്ചത് എന്ന് നേരത്തെ റിപ്പോര്‍ട്ടര്‍ ടി വി ആരാഞ്ഞപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ശബരീനാഥന്‍ തയ്യാറായിരുന്നില്ല. ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവരായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിടിച്ചു തള്ളിയിരുന്നു.

Next Story