Top

'നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നത് പി ശശി'; ജുഡീഷ്യറിയെ കളങ്കിതമാക്കാന്‍ ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ്

22 May 2022 4:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നത് പി ശശി; ജുഡീഷ്യറിയെ കളങ്കിതമാക്കാന്‍ ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഐഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പില്‍ പി ശശിയുടെ ഇടപെടലാണ് ഈ നിലപാടിന് പിന്നിലെന്നും നുസൂര്‍ പറഞ്ഞു. തെളിവുകളെല്ലാം മരവിപ്പിച്ച് കേസന്വേഷണത്തിന് ചുമതല വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് പി ശശിയുടെ തന്ത്രമാണെന്നും നുസൂര്‍ ആരോപിച്ചു.

പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന് തെളിയിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കേസില്‍ ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ പിന്മാറിയത് ഈ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് പ്രത്യേകതകളുള്ള കേസാണിത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. ഇതിലൂടെ കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രേസിക്യൂട്ടര്‍മാര്‍ പിന്‍മാറിയതിനുള്ള കാരണവും വ്യക്തമല്ല. എന്തുകൊണ്ട് പുതിയ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും നുസൂര്‍ ചോദിച്ചു.

അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്ന് ആര്‍ക്കും ഉറപ്പ് നല്‍കാനാകില്ല. കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നുസൂര്‍ പറഞ്ഞു. ഭരണവും ഭരണ സംവിധാനങ്ങളും ഇടപെടുന്ന കേസുകളില്‍ കോടതിയുടെ വിശ്വാസ്യത നഷ്ടമായാല്‍ പ്രതിവിധി എന്താണെന്നും അദ്ദേഹം ചോദിച്ചു. പ്രതികള്‍ ഇവരെ കോടികള്‍ കൊടുത്ത് വിലക്ക് വാങ്ങിയതാണെന്നും നുസൂര്‍ കൂട്ടിചേര്‍ത്തു.


STORY HIGHLIGHTS: NS Nusoor criticizes govt, CM's political secretary P Sasi for assaulting actress

Next Story