Top

'പാർട്ടിയിൽ നിന്നും കിട്ടാനുളളതെല്ലാം കിട്ടി'; അധികാരത്തിലിരുന്ന് മുക്കുവക്കുടികൾക്ക് വേണ്ടി കെ വി തോമസ് എന്ത് ചെയ്തുവെന്ന് എൻ എസ് നുസൂര്‍

'പാർട്ടി നൽകിയ പരിഗണന അദ്ദേഹം പാർട്ടിയുടെ ദുർബലതയായാണ് കണ്ടത്'

12 May 2022 7:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാർട്ടിയിൽ നിന്നും കിട്ടാനുളളതെല്ലാം കിട്ടി; അധികാരത്തിലിരുന്ന് മുക്കുവക്കുടികൾക്ക് വേണ്ടി കെ വി തോമസ് എന്ത് ചെയ്തുവെന്ന് എൻ എസ് നുസൂര്‍
X

കൊച്ചി: തൃക്കാക്കരയിലെ എൽഎഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ കെ വി തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍ എസ് നുസൂര്‍. കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും ലഭിക്കാവുന്നതെല്ലാം കെ വി തോമസിന് ലഭിച്ചു. പിന്നീട് അദ്ദേഹം ചെയ്ത കാര്യങ്ങൾ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകർ വേദനയോടെയാണ് കണ്ട് നിന്നത്. പാർട്ടി നൽകിയ പരിഗണന അദ്ദേഹം പാർട്ടിയുടെ ദുർബലതയായാണ് കണ്ടതെന്നും എന്‍ എസ് നുസൂര്‍ പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

'ധീര രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ പോയി സിപിഐഎമ്മിന്റെ സെമിനാറിൽ പങ്കെടുത്തത് യൂത്ത് കോൺഗ്രസ്‌ അന്നേ ക്ഷമിച്ചു. അദ്ദേഹത്തെ മോശമായി പറയാനോ, അദ്ദേഹത്തിനെതിരെ എന്തെങ്കിലും പ്രവർത്തനത്തിനോ ഞങ്ങൾ തയ്യാറായില്ല. ഇത് യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ബലഹീനതയായിരുന്നില്ല. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല. എന്നാൽ ഒരു കാലത്ത് ഡൽഹിയുടെ സുഖലോലുപതയിൽ ഉല്ലസിച്ചപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിനിത് തോന്നിയില്ല എന്ന സന്ദേഹം മാത്രമേ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കുള്ളൂ. എന്ത് കാര്യം പറഞ്ഞാലും "മുക്കുവക്കുടി"എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എന്ത് ഉദ്ദേശത്തോടുകൂടിയാണെന്ന് കേരളീയർക്കറിയാം. താങ്കൾ എന്ത് മഹത്തായ കാര്യമാണ് ഈ പ്രസ്ഥാനം തന്ന അധികാര കസേരകളിലിരുന്ന് മുക്കുവക്കുടികൾക്ക് വേണ്ടി ചെയ്തത്. ഏതെങ്കിലും ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ അങ്ങയെ സ്നേഹപൂർവ്വം വെല്ലുവിളിക്കുകയാണ്,'എന്‍ എസ് നുസൂര്‍ പറഞ്ഞു.

വ്യാഴാഴ്ച എല്‍ഡിഎഫ് വേദിയിലെത്തിയതോടെയാണ് കെവി തോമസിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു. ഇതിന് ശേഷവും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തോമസ് തുടര്‍ന്നിരുന്നു. തുടർന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം;

''കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും ലഭിക്കാവുന്നതെല്ലാം കെ വി തോമസിന് ലഭിച്ചു എന്ന് അറിയാത്ത മാലോകരില്ല. തോമസ് മാഷ് ചെയ്‌ത കാര്യങ്ങൾ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകർ വേദനയോടെയാണ് കണ്ട് നിന്നത്. എന്തുകൊണ്ടാണ് എ കെ ആന്റണിയെപ്പോലെ ഒരു മുതിർന്ന നേതാവ് അച്ചടക്കസമിതിയിൽ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് എന്ന് കോൺഗ്രസ്‌ പ്രവർത്തകർക്കറിയാം. തലമുതിർന്ന നേതാവായ തോമസ് മാഷിനെപ്പോലുള്ളവരെ പാർട്ടിക്ക് വേണം എന്നുള്ളത് കൊണ്ട് തന്നെയാണ്. പക്ഷെ ആ പരിഗണന അദ്ദേഹം പാർട്ടിയുടെ ദുർബലതയായി കണ്ടു.തന്നെ എല്ലാമെല്ലാമാക്കിയ കോൺഗ്രസ്‌ പ്രവർത്തകരെ വെല്ലുവിളിക്കാൻ തുടങ്ങി. ധീര രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ പോയി സിപിഎമ്മിന്റെ സെമിനാറിൽ പങ്കെടുത്തത് യൂത്ത് കോൺഗ്രസ്‌ അന്നേ ക്ഷമിച്ചു. അദ്ദേഹത്തെ മോശമായി പറയാനോ, അദ്ദേഹത്തിനെതിരെ എന്തെങ്കിലും പ്രവർത്തനത്തിനോ ഞങ്ങൾ തയ്യാറായില്ല. ഇത് യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ബലഹീനതയായിരുന്നില്ല. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല . എന്നാൽ ഒരു കാലത്ത് ഡൽഹിയുടെ സുഖലോലുപതയിൽ ഉല്ലസിച്ചപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിനിത് തോന്നിയില്ല എന്ന സന്ദേഹം മാത്രമേ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കുള്ളൂ. എന്ത് കാര്യം പറഞ്ഞാലും "മുക്കുവക്കുടി"എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എന്ത് ഉദ്ദേശത്തോടുകൂടിയാണെന്ന് കേരളീയർക്കറിയാം. താങ്കൾ എന്ത് മഹത്തായ കാര്യമാണ് ഈ പ്രസ്ഥാനം തന്ന അധികാര കസേരകളിലിരുന്ന് മുക്കുവക്കുടികൾക്ക് വേണ്ടി ചെയ്തത്.ഏതെങ്കിലും ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ അങ്ങയെ സ്നേഹപൂർവ്വം വെല്ലുവിളിക്കുകയാണ്. അങ്ങേക്ക് കഷ്ട്ടപ്പെടുന്ന മുക്കുവന്മാരെ കാണണോ? എന്റെ നാട്ടിലെ വിഴിഞ്ഞം ഉൾപ്പടെയുള്ള തീരദേശമേഖലകൾ ഒന്ന് ചെന്ന് നോക്കു. അവർക്ക് കൊട്ടാരസമാനമായ ഭവനങ്ങളില്ല. അവർ മുന്തിയ ഇനം ഭക്ഷണം കഴിക്കാറില്ല. അവർ അവരുടെ മക്കൾക്കായി കോടികൾ നീക്കിവച്ചിട്ടില്ല., കൊട്ടാരങ്ങൾ കെട്ടിപ്പൊക്കിയിട്ടില്ല, കള്ളപ്പണം സൂക്ഷിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഈ മുക്കുവക്കുടികളിൽ നിന്നും ഒരിക്കലും യൂദാസുമാർ പിറക്കാറില്ല മാഷേ…''

STORY HIGHLIGHTS: NS Nusoor against KV Thomas

Next Story