Top

അതിജീവിതയുടെ പരാതിയില്‍ രാമന്‍ പിള്ളയ്ക്ക് നോട്ടീസ്; വിശദീകരണത്തിന് ശേഷം നടപടിയെന്ന് ബാര്‍ കൗണ്‍സില്‍

നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി

6 April 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിജീവിതയുടെ പരാതിയില്‍ രാമന്‍ പിള്ളയ്ക്ക് നോട്ടീസ്; വിശദീകരണത്തിന് ശേഷം നടപടിയെന്ന് ബാര്‍ കൗണ്‍സില്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിക്ക് സാധ്യത. അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎന്‍ അനില്‍ കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,' ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്ക്കൊടുവില്‍ നടപടിയെടുക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടുമാണ് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചത്. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. ഇ-മെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.

STORY HIGHLIGHTS: Notice to Raman Pillai on survival's complaint; Bar council said it would take action after the explanation

Next Story