Top

വിസി നിയമനത്തിൽ കത്തയച്ചതില്‍ അസ്വഭാവികതയില്ലെന്ന് മന്ത്രി ആർ ബിന്ദു; 'ചിലരുടേത് അനാവശ്യ പ്രചാരണം'

'നിയമപരമായി സ്ഥാപിതമായ ചാൻസലർ, പ്രോ ചാൻസലർ പദവികളിൽ ഇരിക്കുന്നവർ തമ്മിലുള്ള ആശയ വിനിമയം സ്വാഭാവികമാണ്'

19 Dec 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസി നിയമനത്തിൽ കത്തയച്ചതില്‍ അസ്വഭാവികതയില്ലെന്ന് മന്ത്രി ആർ ബിന്ദു; ചിലരുടേത് അനാവശ്യ പ്രചാരണം
X

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും തുടരുന്ന വിവാദം അനാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണെന്നും മന്ത്രി പറഞ്ഞു.

വിസി നിയമനത്തിൽ പൂർണ ഉത്തരവാദിത്തം ചാൻസലർക്കാണ്. പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. നിയമപരമായി സ്ഥാപിതമായ ചാൻസലർ, പ്രോ ചാൻസലർ പദവികളിൽ ഇരിക്കുന്നവർ തമ്മിലുള്ള ആശയ വിനിമയം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണ്. ഇതിനെല്ലാം പുറമെ നിയമനത്തിൽ അപാകതയില്ലെന്ന് കോടതി പറഞ്ഞിട്ടും വിവാദം തുടരുന്നത് അപലപനീയമാണെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവർണർ കത്തയച്ച നിയമനത്തിലെ മന്ത്രിയുടെ ഇടപെടലിനെതിരായ വിമർശനം ആവർത്തിച്ച പശ്ചാത്തലത്തിലാണ് മറുപടി. ഒപ്പം ഗവർണർക്ക് ശുപാർശ കത്ത് അയക്കാൻ മന്ത്രിക്ക് അധികാരം ഇല്ലെന്ന് നിലപാടെടുത്ത മുന്നണിയിലെ രണ്ടാം കക്ഷി സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തെയും കൂടിയാണ് മന്ത്രി തള്ളികളയുന്നത്.

Next Story