Top

'ഒരു കമ്പനിയുടെ മേല്‍ മറ്റൊരു കമ്പനിക്ക് നിയമനാധികാരമുണ്ടെന്ന മണ്ടത്തരം'; കുഴല്‍നാടന്റേത് 'പരോക്ഷ ബാധ്യതാ' തള്ളെന്ന് അഭിഭാഷകന്‍

''നിലവാരമുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നതില്‍ ബോധവും ബോധ്യവുമുള്ള പ്രതിപക്ഷത്തെ രാഷ്ട്രീയ കേരളം ആവശ്യപ്പെടുന്നുണ്ട്.''

29 Jun 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു കമ്പനിയുടെ മേല്‍ മറ്റൊരു കമ്പനിക്ക് നിയമനാധികാരമുണ്ടെന്ന മണ്ടത്തരം; കുഴല്‍നാടന്റേത് പരോക്ഷ ബാധ്യതാ തള്ളെന്ന് അഭിഭാഷകന്‍
X

ഒരു കമ്പനിയുടെ മേല്‍ മറ്റൊരു കമ്പനിക്ക് നിയമനാധികാരം ഉണ്ടെന്ന മണ്ടത്തരമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് മാധ്യമ പ്രവര്‍ത്തകനും നിയമ ഗവേഷകനുമായ ശ്യാം ദേവരാജ്.

സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് അല്ല, വിഷന്‍ ടെക് ആണെന്നും വിഷന്‍ ടെക് എന്ന സ്ഥാപനത്തില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് എങ്ങനെയാണ് നിയമനാധികാരം ലഭിക്കുകയെന്നും നിയമതത്വമായ Vicarious Liabiltiy ചൂണ്ടിക്കാണിച്ച് ശ്യാം ചോദിക്കുന്നു. നിയമ തത്വങ്ങള്‍ പറഞ്ഞ് ആരിലെങ്കിലും ഒരല്പം ആശയക്കുഴപ്പം സൃഷ്ടിച്ചാല്‍ അത്രയുമായി എന്ന സാധാരണ കോണ്‍ഗ്രസുകാരന്റെ ബുദ്ധിയാണ് കുത്തിത്തിരിപ്പ് രൂപത്തില്‍ കുഴല്‍നാടനില്‍ നിന്ന് പുറത്തുവന്നതെന്നും ശ്യാം ദേവരാജ് വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വിശദീകരിച്ച് ശ്യാം ദേവരാജ് എഴുതിയ കുറിപ്പ്:

1. Vicarious Liability (പരോക്ഷ ബാധ്യത)

"Qui facit per alium facit per se" Which means "He who acts through another does the act himself". കരാർ നിയമത്തിലെ (Law of Contract) ഏജൻസി (Agency) സംബന്ധിച്ച നിർവചനത്തിൽ വരുന്ന ലാറ്റിൻ നിയമതത്വമാണിത്. "ഒരാൾ, മറ്റൊരു വ്യക്തി വഴി ഒരു കാര്യം ചെയ്താൽ അത്, നിർദേശം നൽകിയ ആളിന് വേണ്ടി ചെയ്തതായി കണക്കാക്കും" എന്നാണർത്ഥം. ഇതാണ് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ പറഞ്ഞ Vicarious Liability അഥവാ പരോക്ഷ ബാധ്യതയുടെ അർത്ഥം.

2. സ്വപ്നയെ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആണെന്നാണ് ഡോ. മാത്യൂ കുഴൽനാടൻ പറയുന്നത്. സ്വപ്ന സുരേഷിൻ്റെ നിയമനത്തിൽ ഒരു Vicarious Liability ഉണ്ട്. "Both the Government and Employer are equally liable under Vicarious Liability" അഥവാ "'പ്രത്യക്ഷ ബാധ്യത' തത്വം അനുസരിച്ച് സ്വപ്ന സുരേഷിൻ്റെ നിയമനത്തിൽ സർക്കാരിനും PWCക്കും കമ്പനിക്കും ഉത്തരവാദിത്തമുണ്ട്" എന്നും മാത്യൂ കുഴൽനാടൻ എംഎൽഎ പറയുന്നു.

3. നിയമത്തിൽ ഗവേഷണ ബിരുദധാരിയായ മാത്യൂ കുഴൽനാടൻ, Vicarious Liability സംബന്ധിച്ച് പറയുന്നത് വിവരക്കേടാണ്. സ്വപ്ന സുരേഷിൻ്റെ നിയമനം സംബന്ധിച്ച് പറയുന്നത് വസ്തുതാ വിരുദ്ധതയും.

4. സംസ്ഥാന സർക്കാരിന് കീഴിലെ ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ പ്രോജക്ട് ആണ് സ്പേസ് പാർക്. സ്പേസ് പാർക്കിൻ്റെ കൺസൽട്ടൻ്റ് ആണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് അഥവാ PWC. PWC ഉപകരാർ നൽകിയ സ്ഥാപനമാണ് വിഷൻ ടെക്. വിഷൻ ടെക്, കരാർ നിയമനം നൽകിയ ജീവനക്കാരി ആണ് സ്വപ്ന സുരേഷ്. സ്വപ്ന സുരേഷിൻ്റെ തൊഴിൽ ദാതാവ് വിഷൻ ടെക് ആണ്, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് അല്ല.

5. സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് അല്ല, വിഷൻ ടെക് ആണ്. വിഷൻ ടെക് എന്ന സ്ഥാപനത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് എങ്ങനെയാണ് നിയമനാധികാരം ലഭിക്കുക.? ഒരു കമ്പനിയുടെ മേൽ മറ്റൊരു കമ്പനിക്ക് നിയമനാധികാരം ഉണ്ടെന്ന മണ്ടത്തരമാണ് മാത്യൂ എംഎൽഎ വാർത്താ സമ്മേളനത്തിൽ എഴുന്നള്ളിച്ചത്. വിഷൻ ടെക് നിയമനം നടത്തിയാൽ അതിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ്, സംസ്ഥാന സർക്കാർ എന്നിവർക്ക് ഒരു ബാധ്യതയും ഇല്ല. നിയമപരമായും ഇല്ല, ധാർമ്മിക ബാധ്യതയും ഇല്ല.

6. സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് നടത്തുന്നത് വിഷൻ ടെകിന് വേണ്ടിയോ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയോ അല്ല. ഐടി മേഖലയിൽ പ്രൊഫഷനൽ ആയി പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ ആണിത്. അവർക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല. സ്വപ്ന സുരേഷ് ചെയ്ത സ്വർണ്ണക്കടത്ത് എന്ന കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം വിഷൻ ടെക്കിന് ഇല്ല. അതിൻ്റെ ഉത്തരവാദിത്തം തികച്ചും വ്യക്തിപരമാണ്, സ്വപ്ന സുരേഷിന് മാത്രമാണ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സാഹചര്യത്തിലാണ് സ്വപ്നയെ വിഷൻ ടെക് പുറത്താക്കിയത്.

7. Vicarious Liability തത്വം ഒരു രീതിയിലും ഇവിടെ പ്രയോഗക്ഷമമല്ല. സ്വപ്ന സുരേഷ് ചെയ്ത സ്വർണ്ണക്കടത്ത് എന്ന കുറ്റകൃത്യത്തിൽ Vicarious Liability വിഷൻ ടെകിന് ഇല്ല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് ഒട്ടുമില്ല. സ്പേസ് പാർകിനോ, ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോ, സംസ്ഥാന ഐടി വകുപ്പിനോ വിദൂര ബാധ്യത പോലുമില്ല. പിന്നെ എങ്ങനെയാണ് ഇവിടെ Vicarious Liability ബന്ധപ്പെടുത്താൻ കഴിയുന്നത്.?

8. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് നിയമതത്വമായ Vicarious Liability -യെ കുറിച്ച് ധാരണയുണ്ടാവില്ല എന്ന യുക്തി മുതലെടുത്ത്, ചേരാത്ത ഇടത്ത് "പരോക്ഷ ബാധ്യത" കുത്തിക്കയറ്റി, തള്ളി മറിക്കുകയാണ് മാത്യൂ കുഴൽനാടൻ എംഎൽഎ ചെയ്തത്. ഇത്തരം നിയമ തത്വങ്ങൾ പറഞ്ഞ് ആരിലെങ്കിലും ഒരല്പം ആശയക്കുഴപ്പം സൃഷ്ടിച്ചാൽ അത്രയുമായി എന്ന സാധാരണ കോൺഗ്രസുകാരൻ്റെ ബുദ്ധിയാണ് കുത്തിത്തിരിപ്പ് രൂപത്തിൽ പുറത്തുവന്നത്.

8. കുറച്ചുകൂടി ന്യായയുക്തിയുള്ള പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ എംഎൽഎമാരെയും ജനങ്ങൾ അർഹിക്കുന്നുണ്ട്. നിലവാരമുള്ള വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ ഉയർത്തുന്നതിൽ ബോധവും ബോധ്യവുമുള്ള പ്രതിപക്ഷത്തെ രാഷ്ട്രീയ കേരളം ആവശ്യപ്പെടുന്നുണ്ട്.

Next Story