Top

'പദ്ധതിയെ എതിർക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല'; സിൽവർ ലൈനിൽ സിപിഐ

ചില കാര്യങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്

25 March 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പദ്ധതിയെ എതിർക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല; സിൽവർ ലൈനിൽ സിപിഐ
X

സിൽവർ ലൈൻ പ്രതിഷേധം കനക്കുന്നതിനിടെ എൽഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി സിപിഐ. പദ്ധതിയെ എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളായി കണക്കാൻ കഴിയില്ലെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ചൂണ്ടിക്കാണിച്ചു. ചില കാര്യങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്നും പ്രകാശ് ബാബു പറഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവെച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു.

എറണാകുളത്ത് സർവേ നടപടികൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിക്കാനും കല്ലിടുന്നതിനുളള ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സർവേ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും ഏജൻസി പറഞ്ഞു. അടുത്ത മാസം പത്ത് വരെ സർവേ നടപടി നിർത്തിവെക്കാൻ സിപിഐഎം നേതാക്കൾ കെ റെയിൽ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ സംസ്ഥാനമൊട്ടാകെ സർവേ നടപടികൾ നിർത്തിവെച്ചു എന്ന വാർത്ത കെആർഡിസി നിഷേധിച്ചു. സർവേ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ല. ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി സർവേ നിർത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പ്രതിഷേധം കാരണം സർവ്വേ നടപടികൾ മുടങ്ങിയതാണെന്നാണ് കെആർഡിസി നൽകുന്ന വിശദീകരണം.

STORY HIGHLIGHTS: SILVERLINE RAIL PROJECT CPI LEADER REACTION

Next Story

Popular Stories