'എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല'; കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെവി തോമസ്
ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ നല്കുന്ന വാര്‍ത്ത ശരിയല്ല
25 May 2022 10:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താന്‍ എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ വ്യാജമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. രാഷ്ട്രീയത്തിനതീതമായുള്ള ബന്ധമാണ് ശരത് പവാറുമായുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കെവി തോമസ് പറഞ്ഞു. നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും കെവി തോമസ് വ്യക്തമാക്കി.
കെവി തോമസിന്റെ വാക്കുകള്‍: ''സീനിയര്‍ നേതാവും കാബിനറ്റ് മന്ത്രിയുമായിരുന്ന ശരത് പവാറിനെ കൊച്ചിയില്‍ വെച്ച് ഞാന്‍ കാണുകയുണ്ടായി. ഡോ. മന്മോഹന് സിംഗിന്റെ കാബിനറ്റില്‍ അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചിരുന്നയൊരാളാണ് ഞാന്‍. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചപ്പോള്‍ എന്നെ നിര്‍ദ്ദേശിച്ചത് ശരത് പവാര്‍ ആണ്.''
''രാഷ്ട്രീയത്തിനതീതമായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഡല്‍ഹിയിലും, ബോംബെയിലും പോകുന്ന വേളയില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ആ പതിവനുസരിച്ചാണ് ഇവിടെയും കണ്ടത്.''
''ഞാന്‍ എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല. പി.സി. ചാക്കോ എന്നെ ക്ഷണിച്ച സന്ദര്‍ഭത്തിലും ഞാന്‍ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ നല്കുന്ന വാര്‍ത്ത ശരിയല്ല. നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായി ഞാന്‍ തുടരും.''