Top

ഫിഷറീസ് മേഖലയിൽ കേരളവുമായി സഹകരിക്കുമെന്ന് നോർവേ; കൊച്ചി കേന്ദ്രമാക്കി മാരിടൈം ക്ലസ്റ്റർ രൂപീകരിക്കുമെന്ന് സർക്കാർ

5 Oct 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിഷറീസ് മേഖലയിൽ കേരളവുമായി സഹകരിക്കുമെന്ന് നോർവേ; കൊച്ചി കേന്ദ്രമാക്കി മാരിടൈം ക്ലസ്റ്റർ രൂപീകരിക്കുമെന്ന് സർക്കാർ
X

തിരുവനന്തപുരം: വിദേശ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നോർവേ ഫിഷിംങ്ങ് മന്ത്രി ബിയ്യൂർനർ സെൽനസ് ഷാരൂണുമായി കൂടിക്കാഴ്ച നടത്തി. മത്സ്യ ബന്ധനം, മാരികൾച്ചർ, മാരിടൈം ക്ലസ്റ്റർ എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാമെന്ന് ബിയ്യൂർനർ സെൽനസ് ഷാരൂൺ അറിയിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മാരിടൈം ക്ലസ്റ്റർ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'1953 ലെ നീണ്ടകര പദ്ധതി മുതൽ നോർവേക്ക് കേരളവുമായുള്ള സഹകരണം വഴി സംഭാവനകൾ നൽകിയിട്ടുണ്ട്. നോർവേക്ക് വേണ്ടി കൊച്ചി ഷിപ്പ് യാർഡ് രണ്ടു ഇലക്ട്രിക് ബാർജുകൾ നിർമിച്ചു നൽകിയിരുന്നു. കടലിലെ മത്സ്യകൃഷിയിൽ നോർവ്വേ വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഫിഷറീസ് യൂണിവേഴ്സിറ്റി തുടർ ചർച്ചകൾ നടത്തും. നോർവ്വേജിയൻ ഫിഷറീസ് മന്ത്രിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യയുമായുള്ള നോർവ്വേയുടെ ബന്ധത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്നും സന്ദർശിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ബിയ്യൂർനർ പറഞ്ഞു. ഇപ്പോൾ നടത്തിയ ചർച്ചകളുടെ തുടർച്ചക്കായി ഇന്ത്യയിലെ നോർവ്വേജിയൻ അംബാസഡറെ മന്ത്രി ചുമതലപ്പെടുത്തി.' പി രാജീവ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും ഉണ്ട്. നോർവേ സന്ദർശനത്തിന് ശേഷം ബ്രിട്ടനിലേക്കാവും മുഖ്യമന്ത്രിയുടെ യാത്ര. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും അനുഗമിക്കും. അതേസമയം, വിദേശയാത്രയുടെ വിവരങ്ങൾ രാജ്ഭവനെ അറിയിക്കാത്തതിൽ ഗവർണർ അതൃപ്തി വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര ഗവർണറെ അറിയിച്ചത്. യാത്രാ വിവരങ്ങൾ അറിയിക്കേണ്ടത് രേഖാമൂലമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു.

STORY HIGHLIGHTS: Norway will cooperate with Kerala in the fisheries sector

Next Story

Popular Stories