Top

നോറോ വെെറസ് പടരുന്നത് വൃത്തിഹീനമായ ഭക്ഷണത്തിലൂടെ; മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന്‌ ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു

6 Jun 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോറോ വെെറസ് പടരുന്നത് വൃത്തിഹീനമായ ഭക്ഷണത്തിലൂടെ; മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്
X

തിരുവനന്തപുരം: വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നതെന്ന് ആരോ​ഗ്യവകുപ്പ്. നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. വൈറസ് ബാധ ഗുരുതരമല്ലെങ്കിലും കുട്ടികളിലാണ് അതിവേ​ഗം രോ​ഗം പടരാൻ സാധ്യത. രോഗമുള്ള വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും വെെറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന്‌ ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് സാംപിൾ ശേഖരിച്ച് പരിശോധിച്ചു. വൈറസ് ബാധിതരായ കുട്ടികളുടെ നില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. . ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക

· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

STORY HIGHLIGHTS: Norovirus is spread through unhygienic food; Department of Health with warning

Next Story