Top

ലീഗ് നേതാവിന്റെ ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കി; ചോദ്യം ചെയ്ത് നൂര്‍ബിന റഷീദ്

മുസ്ലീം ലീഗ് വയനാട് ഖാഇദെ മില്ലത്ത് പുരസ്‌കാരദാനച്ചടങ്ങില്‍ ലീഗ് നേതാക്കള്‍ വേദിയിലിരിക്കെ ആയിരുന്നു വിമര്‍ശനം

21 Aug 2022 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് നേതാവിന്റെ ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കി; ചോദ്യം ചെയ്ത് നൂര്‍ബിന റഷീദ്
X

വയനാട്: മുസ്ലീം ലീഗ് നേതാവ് പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്ന് വനിതാ ലീഗിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് നൂര്‍ബിന റഷീദ്. ജില്ലയില്‍ വനിതാ ലീഗിന്റെ ഉന്നമനത്തിനായി പിന്തുണ നല്‍കിയ പി കെ അബൂബക്കറിന്റെ രാഷ്ട്രീയ ജീവിതം പറയുമ്പോള്‍ തങ്ങളെ ഒഴിവാക്കിയത് ദു:ഖകരമാണ്. മുസ്ലീം ലീഗ് വയനാട് ഖാഇദെ മില്ലത്ത് പുരസ്‌കാരദാനച്ചടങ്ങില്‍ ലീഗ് നേതാക്കള്‍ വേദിയിലിരിക്കെ ആയിരുന്നു വിമര്‍ശനം.

പുരസ്‌കാരത്തിനര്‍ഹനായ പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി വേദിയില്‍ പ്രദര്‍ശിപ്പിച്ചിതിന് ശേഷമായിരുന്നു നൂര്‍ബിന റഷീദിന്റെ തുറന്ന വിമര്‍ശനം.

'പി കെയുടെ കര്‍മ്മ പദത്തിലെ പൊന്‍തൂവലാണ് വനിതാ ലീഗിന്റെ നിരീക്ഷകന്‍ എന്നത്. സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമോ എന്ന് വിചാരിച്ചാണോ വനിതാ ലീഗിനെ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കിയത്? വനിതാ ലീഗിനെ ഒഴിവാക്കിയത് ദു:ഖകരമാണ്. വനിതകളെ ഉള്‍പ്പെടുത്തുന്നതില്‍ ആരെയും പേടിക്കേണ്ടതില്ല', നൂര്‍ബിന റഷീദ് പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍,കെ.പി.എ മജീദ് തുടങ്ങിയിവരെ വേദിയിലിരുത്തിയായിരുന്നു നൂര്‍ബിനയുടെ വിമര്‍ശനം. വനിതാലീഗ് നേതാവ് പ്രസംഗിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞത് നേരത്തെയും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ചടങ്ങല്‍ പുരസ്‌കാരദാനം നിര്‍വ്വഹിച്ചത്.

STORY HIGHLIGHTS: Noorbina Rasheed Against Avoiding Vanitha League From Documentary

Next Story