'നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതില്‍ സുരക്ഷ വീഴ്ച്ചയില്ല'; കുറ്റകൃത്യം ആസൂത്രിതമെന്ന് ഡയറക്ടര്‍
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്ന് സുരക്ഷാവീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
8 Jan 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു കോട്ടയം മെഡിക്കല്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സുരക്ഷ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. പ്രതി നീതു കുറ്റകൃത്യം ആസൂത്രിതമായ ചെയ്തതെന്നും ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു.
ആശുപത്രിയില്‍ തെിവെടുപ്പിനെത്തിയ ജോയിന്റ് ഡയറക്ടര്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ശേഷം കുഞ്ഞിന്റെ കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങളും ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്ന് സുരക്ഷാവീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കുട്ടിയെ തട്ടിയെടുത്തതില്‍ മെഡിക്കല്‍ കോളേജിനുള്ളില്‍ നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് തന്നെയായിരുന്നു മെഡിക്കല്‍ കോളേജ് നിയോഗിച്ച അന്വേഷണ സമിതികളുടെയും കണ്ടെത്തല്‍.
കേസില്‍ പ്രതി നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.