'ചെന്നിത്തലയുമായി പ്രശ്നങ്ങളില്ല; നടക്കുന്നത് വ്യാജ പ്രചരണം'; കെ സുധാകരൻ
രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നങ്ങളുമില്ല. നടക്കുന്നത് വ്യാജ പ്രചരണമാണ് വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
13 Feb 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നങ്ങളുമില്ല. നടക്കുന്നത് വ്യാജ പ്രചരണമാണ്. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തല നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല നയപരമായ കാര്യങ്ങളില്‍ പോലും ഒറ്റക്ക് തീരുമാനമെടുക്കുന്നു എന്ന് വിമർശിച്ച് കെപിസിസി രംഗത്ത് എന്നായിരുന്നു വാർത്ത. ലോകായുക്ത വിഷയത്തില്‍ നിരാകരണ പ്രമേയം പ്രഖ്യാപിച്ചത് കൂടിയാലോചനയില്ലാതെയാണെന്നും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും വിമർശകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യങ്ങള്‍ രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിച്ചേക്കുമെന്നും വാർത്തയിലുണ്ടായിരുന്നു.
ലോകായുക്തക്കെതിരെ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് ആശയകുഴപ്പം ഉണ്ടാക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ പ്രതിപക്ഷ നേതാവോ കെപിപിസി പ്രസിഡണ്ടായ കെ സുധാകരനുമായോ പറയേണ്ട കാര്യങ്ങളില്‍ ഒറ്റക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിക്കുന്നുവെന്നതാണ് കെപിസിസി രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ത്തുന്ന പരാതി. നേതൃമാറ്റം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചുപോകുന്നതിനിടെയാണ് വീണ്ടും നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുയരുന്നത്.
അതേസമയം, തനിക്കെതിരെ ഉയർന്നുവന്ന വിവാദം മാധ്യമ സൃഷ്ടിയാണെന്ന പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കെപിസിസിയിൽ ഒരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനുമായി നല്ല ബന്ധമാണ് പുലർത്തുന്ന്ത്. പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.