'ഒരാള്‍ പോലും ഭവനരഹിതരാകില്ല' കെ റെയിലുമായി മുന്നോട്ട് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപോയി
ജനങ്ങളുടെ ആശങ്ക പരിഗണിച്ച് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തിവെക്കണം എന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി.
13 Oct 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവുന്ന അടിയന്തരപ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി ജനങ്ങളുടെ ആവാസവ്യവസ്ഥക്ക് കോട്ടം വരുത്തുന്നതും, സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നതുമാണെന്ന് പറഞ്ഞ് എം.കെ മുനീര്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ഊറ്റി കുടിച്ചു കൊണ്ടാകരുത് പദ്ധതി നടപ്പാക്കേണ്ടതെന്ന് എം.കെ മുനീര്‍ പറഞ്ഞു. ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് എക്‌സ്പ്രസ് ഹൈവേ പദ്ധതി യുഡിഎഫ് മാറ്റിവെച്ചത്. പൈസ കൊടുത്താല്‍ എല്ലാം ആയി എന്ന ധാരണ തെറ്റാണ്. ബദല്‍ മാര്‍ഗത്തിന് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാമെന്നും പദ്ധതി നിര്‍ത്തിവെക്കണമന്നും മുനീര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും ഉറപ്പ് നല്‍കി. ആരാധനാലയങ്ങളെയൊന്നും ബാധിക്കാത്ത തരത്തിലാണ് പാത കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഭൂമിയേറ്റെടുക്കല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി കൊണ്ടായിരിക്കും. ഒരാള്‍പോലും ഭവനരഹിതരാകില്ല. പ്രതിപക്ഷം അനാവശ്യമായ ആശങ്ക ജനങ്ങളില്‍ വളര്‍ത്തരുത്. അവരുടെ പ്രയാസം പൂര്‍ണമായി ഉള്‍ക്കൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്' എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മെഗാ പദ്ധതികള്‍ക്ക് എതിരല്ലെന്നും ബദല്‍ മാര്‍ഗ്ഗം ആലോചിക്കണമെന്നും സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തിവെക്കണം എന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി. ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. എന്നാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.