'എസ്എഫ്‌ഐ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല, എതിരാളികള്‍ കൊന്നത് 36 എസ്എഫ്‌ഐക്കാരെ'; കോണ്‍ഗ്രസിന് സിപിഐഎം മറുപടി
'കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും രക്തദാഹികളുടെ വെറും ക്രിമിനല്‍ സംഘമായി മാറിക്കഴിഞ്ഞു'
11 Jan 2022 2:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോളേജ് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രചരണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. എസ്എഫ്‌ഐ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയും സംസ്ഥാനത്ത് ഇതുവരെ ഒരു കലാലയത്തിലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ വലതുപക്ഷം 36 എസ്എഫ്‌ഐക്കാരെ കൊന്നിട്ടുണ്ടെന്നും കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു.
എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞത്: SFI രൂപീകരിക്കപ്പെട്ടിട്ട് 51 വര്‍ഷം പിന്നിട്ടു. SFI ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയും സംസ്ഥാനത്ത് ഇന്ന് വരെ ഒരു കലാലയത്തിലും കൊല്ലപ്പെട്ടിട്ടില്ല. ഇത് സത്യം! സത്യം സത്യം.
എന്നാല്‍ 36 SFI പ്രവര്‍ത്തകരെ ഇത് വരെ സംസ്ഥാനത്ത് വലത്പക്ഷം കൊലപ്പെടുത്തി. കേരളത്തില്‍ ശത്രുക്കളുടെ കായിക ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടവര്‍ CPI - M പ്രവര്‍ത്തകരാണ്. അതില്‍ ഉന്നതനായ പാര്‍ട്ടി നേതാവ് സ.അഴീക്കോടന്‍ രാഘവനും, MLA ആയിരുന്ന സ.കുഞ്ഞാലിയും ഉള്‍പ്പെടെ 560 ലധികം പേരുണ്ട്.
എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ; KSUവിന്റെ ക്രിമിനല്‍ പ്രകൃതം അനാവരണം ചെയ്യാന്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ആത്മാര്‍ഥത കാണിക്കാതിരിക്കുന്നത് നമ്മുടെ പരിഷ്‌കൃത സമൂഹത്തില്‍ രാഷ്ട്രീയ ക്രിമിനലിസത്തെ സംരക്ഷിക്കാന്‍ തന്നെയാണ്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് മാത്രമാണ്. ഈ തെറ്റ് സമൂഹം ചര്‍ച്ച ചെയ്യണം.
കോണ്‍ഗ്രസ്സ് - യൂത്ത് കോണ്‍ഗ്രസ്സ് - കെ.എസ്.യു സംഘം പൂര്‍ണ്ണമായും രക്തദാഹികളുടെ വെറും ക്രിമിനല്‍ സംഘമായി മാറിക്കഴിഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നിലനില്‍ക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു, അവര്‍ക്ക്. അവരെ സമൂഹം അറപ്പോടെ വെറുക്കുകയാണ്. അവരെ കൂടുതല്‍ ഒറ്റപ്പെടുത്തണം. ഇങ്ങനെയൊരു പ്രസ്ഥാനത്തിനു കേരളീയ സമൂഹത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
എസ്എഫ്‌ഐയാണ് സംസ്ഥാനത്ത് ക്യാമ്പസുകളെ കലാപ ഭൂമിയാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കെഎസ്യു പ്രവര്‍ത്തകരാണ് ഏറ്റവുമധികം കൊല്ലപ്പെട്ടത്. അത് ആരുടെ കണക്കില്‍പെടുത്തുമെന്നും സുധാകരന്‍ ചോദിച്ചിരുന്നു. പിന്നാലെ സൈബര്‍ ലോകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമാനപ്രചരണം നടത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സിപിഐഎം രംഗത്തെത്തിയത്.