'മുല്ലപ്പെരിയാറില്‍ അനാവശ്യ ആശങ്ക വേണ്ട' ജാഗ്രത വേണമെന്ന് മന്ത്രി രാജന്; 'സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം'
കാലാവര്ഷത്തിനൊപ്പം തുലാ വര്‍ഷവും എത്തുന്നതാണ് മഴ ശക്തമാക്കാന്‍ കാരണമെന്നും മന്ത്രി
28 Oct 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് അനാവശ്യ ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി കെ രാജന്.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം. തമിഴ്നാടുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വള്ളക്കടവില്‍ രാവിലെ ഒഴിപ്പിക്കല്‍ ആരംഭിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി ഡാമിലേക്കുള്ള 27 കിലോമീറ്റര്‍ അതീവ ജാഗ്രത പാലിക്കണം. ആറു ക്യാമ്പുകളിലായി 339 കുടുംബങ്ങളിലെ 1036 പേരുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനുള്ള മനസ് എല്ലാവര്ക്കും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാലാവര്ഷത്തിനൊപ്പം തുലാ വര്‍ഷവും എത്തുന്നതാണ് മഴ ശക്തമാക്കാന്‍ കാരണമെന്നും മന്ത്രി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകും. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമാകുന്നുണ്ട്. നവംബര്‍ വരെ ഇടിമിന്നാലോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
നിലവിലെ സുപ്രീംകോടതി നിര്‍ദേശം മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നു വിടുന്നതില്‍ മാറ്റം ഉണ്ടാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം തന്നെ നാളെ ഏഴു മണിക്ക് ഡാം തുറന്ന് ജലനിരപ്പ് കുറയ്ക്കുന്നതായിരിക്കും. 139.5 എന്ന റൂള്‍ കര്‍വ് നവംബര്‍ ഒന്നു മുതല്‍ ആണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ 138 അടി തന്നെയാണ് തമിഴ്നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂള്‍ കര്‍വ്. റൂള്‍ കര്‍വ് വിഷയത്തില്‍ കേരളം മുന്നോട്ടു വച്ച ആശങ്കകളില്‍ വിശദമായ വാദം കേള്‍ക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ല. എല്ലാം ശുഭകരമാകുമെന്ന് പ്രതീക്ഷിക്കാമെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി.
- TAGS:
- Mullaperiyar Dam