Top

''ഇനിയൊരു ലോക്ക് ഡൗണ്‍ ഇല്ല'; കൊവിഡ് വ്യാപനത്തില്‍ മന്ത്രി വീണാ ജോര്‍ജ്

18 വയസിന് മുകളിലുള്ളവര്‍ക്ക് 100 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്.

25 Jan 2022 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയൊരു ലോക്ക് ഡൗണ്‍ ഇല്ല; കൊവിഡ് വ്യാപനത്തില്‍ മന്ത്രി വീണാ ജോര്‍ജ്
X

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ 'അതിജീവിക്കാം ഒരുമിച്ച്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് ലൈവില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം, ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍, ഗൃഹ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്തു.

ഇനിയും പൂര്‍ണമായി അടച്ചിടലിലേക്ക് നമുക്ക് പോകാന്‍ കഴിയില്ല എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് 100 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. കുട്ടികളുടെ വാക്‌സിനേഷന്‍ 68 ശതമാനമായി. ഭയവും ആശങ്കയും വേണ്ട നമ്മള്‍ കോവിഡിനെ അതിജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എന്‍.എച്ച്.എം. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

''ജാഗ്രത പാലിക്കണം, ഭയമോ ആശങ്കയോ വേണ്ട''


സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നത്തെ കൊവിഡ് കേസുകള്‍ അരലക്ഷത്തിലധികമായെങ്കിലും ഒരു തരത്തിലുള്ള ഭയമോ ആശങ്കയോ ആവശ്യമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ചികിത്സയിലുള്ളവരില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്. സംസ്ഥാനത്ത് ആകെ 3107 ഐസിയു കിടക്കകളുള്ളതില്‍ 1328 കോവിഡ്, നോണ്‍ കൊവിഡ് രോഗികളാണുള്ളത് (42.7%). അതില്‍ കൊവിഡ് രോഗികള്‍ 385 മാത്രമാണുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. ആകെ 2293 വെന്റിലേറ്ററുകളുള്ളതില്‍ 322 കൊവിഡ്, നോണ്‍ കൊവിഡ് രോഗികള്‍ (14%) മാത്രമാണുള്ളത്. കൊവിഡ് രോഗികള്‍ 100 മാത്രമാണ്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

18 വയസിന് മുകളില്‍ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,71,208), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,23,28,429) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,39,479) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. ആകെയുള്ള 2,85,365 കൊവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ കൂടുതലാണ്.

എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. 4971 ആരോഗ്യ പ്രവര്‍ത്തകരെ കൊവിഡ് സാഹചര്യത്തില്‍ അടിയന്തരമായി താത്ക്കാലികമായി നിയമിക്കുന്നതാണ്. കൊവിഡ് ബ്രിഗേഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

ചില ജില്ലകള്‍ കുട്ടികളുടെ വാക്‌സിനേഷന് വിമുഖത കാട്ടുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാക്‌സിന്‍ നല്‍കേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമായി നടപ്പിലാക്കും. ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. എങ്കിലും അനുബന്ധ രോഗമുള്ളവര്‍ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

Next Story