നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ല; കൂണുപോലെ മുളച്ച് പൊന്തി ടാറ്റൂ സ്റ്റുഡിയോകള്‍
6 March 2022 3:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയില്‍ യുവതികള്‍ പീഡനത്തിന് ഇരയായെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക്് വഴിവച്ചിരിക്കുകയാണ്. കൊച്ചിയില്‍ ടാറ്റു ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ടാറ്റു ആര്‍ട്ടിസ്റ്റ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് വെളിപ്പെടുത്തലുകള്‍. സംഭവത്തില്‍ ഏഴ് വനിതകളാണ് കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇയാള്‍ ഇന്നലെ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചിയിലെ ഈ ഒരു ടാറ്റു സ്ഥാപനം കേന്ദ്രീകരിച്ച് മാത്രം നിരവധി പേര് ചൂഷണത്തിന് ഇരയായി എന്ന് വ്യക്തമാവുമ്പോള്‍ ചര്‍ച്ചയാവുന്നത് കേരളത്തിലെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെയാണ്. ടാറ്റു സ്റ്റുഡിയോകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറയുന്നത്. എന്നാല്‍ നിലവില്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മേഖലയില്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
കേരളത്തില്‍ നിലവില്‍ 250-ലധികം ടാറ്റു സ്റ്റുഡിയോകളുണ്ടെന്നാണ് കണക്ക്. കൊച്ചിയില്‍ മാത്രം അന്‍പതില്‍ അധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തദ്ദേശവകുപ്പ് സെക്രട്ടറിമാരാണ് ഇത്തരം സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ ടാറ്റു സ്റ്റുഡിയോകള്‍ എന്ന നിലയില്‍ അല്ല ഇവയ്ക്ക് അനുമതി നല്‍കുന്നത്. ആര്‍ട്ട് സ്റ്റുഡിയോ എന്ന നിലയിലാണ് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിനും വ്യക്തമായ കണക്കുളോ മറ്റ് വിവരങ്ങളോ ഇല്ലെന്നാണ് വ്യക്തമാവുന്നത്.
ലൈസന്‍സുള്ള വിദഗ്ദ്ധനായിരിക്കണം ടാറ്റു ചെയ്യേണ്ടത. എന്നാല്‍ ലൈസന്‍സ് ഉള്ള ആളുകളാണോ ഇത്തരത്തില്‍ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് എന്നോ ആരാണ് ലൈസന്‍സ് നല്‍കിയതി എന്നോ ഇത്തരം സ്റ്റുഡിയോകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് അറിയാനാവില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
ശരീരത്തില്‍ ടാറ്റു പതിപ്പിക്കുന്നവരുടെ എണ്ണം കേരളത്തില്‍ അടുത്ത കാലത്തായി വളരെ കൂടിയിട്ടുണ്ട്. സ്ത്രീകളും ധാരാളമായി ടാറ്റു പതിപ്പിക്കാന്‍ തയ്യാറാവുന്ന സാഹചര്യത്തില്‍ പക്ഷേ മേഖലയില്‍ സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ കുറവാണ്. അതിനാല്‍ തന്നെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ടാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പുരുഷന്മാര് ആര്‍ട്ടിസ്റ്റുമാരെ സമീപിക്കാനും നിര്‍ബന്ധിതരാകുന്നുണ്ട്. ടാറ്റുവിന്റെ രൂപവും വലിപ്പവും കാരണം മണിക്കൂറുകള്‍ സ്റ്റുഡിയോയില്‍ ചെലവഴിക്കേണ്ട സാഹചര്യവും വരും. അതിനാല്‍ തന്നെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇത്തരം സ്ഥാപനങ്ങളില്‍ അനിവാര്യമാണ്.
സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റു പതിപ്പിക്കുന്നത്. തൊലിയിലെ രണ്ടാംപാളിയിലേക്കാണ് മഷി ഇറങ്ങുന്നത്. കൃത്യതയോടെ ചെയ്യുന്ന ഒരു പ്രവര്‍ത്തിയായതിനാല്‍ ഒരു ക്ലിനിക്കല്‍ ലാബിനു വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ശുചിത്വവും ഇത്തരം സ്ഥാപനങ്ങളില്‍ അനിവാര്യമാണ്. ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇത്തരം സ്റ്റുഡിയോകള്‍ക്ക് വേണം.
STORY HIGHLIGHTS: No mechanisms to control Tattoo studios in kerala