Top

'രാഹുൽ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാൻ കഴിയില്ല'; തോൽവിയിൽ കോൺ​ഗ്രസിനെ 'കുത്തി' ജലീൽ

കാക്ക കുളിച്ചാൽ കൊക്കോ, കൊക്ക് കരിയിൽ ഉരുണ്ടാൽ കാക്കയോ ആവില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്ത ഒരേയൊരു പാർട്ടിയേ ഇന്ത്യയിലുള്ളൂ. അത് കോൺഗ്രസ്സാണ്.

10 March 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുൽ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാൻ കഴിയില്ല; തോൽവിയിൽ കോൺ​ഗ്രസിനെ കുത്തി ജലീൽ
X

കോൺ​ഗ്രസിന് തിരിച്ചടി നേരിടാൻ കാരണം മൃദുഹിന്ദുത്വ സമീപനമെന്ന് കെടി ജലീൽ എംഎൽഎ. ബിജെപി യുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാൻ മൃദുല ഹിന്ദുത്വം കോൺഗ്രസ്സ് സ്വീകരിച്ചു. എങ്കിൽ മെച്ചം തീവ്രനല്ലേ എന്ന് ജനങ്ങളും ആലോചിച്ചുവെന്നും തെര‍‍ഞ്ഞെെടുപ്പു ഫലത്തിൽ ജലീൽ പ്രതികരിച്ചു. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി ബിജെപിക്ക് ബദലാന്നെന്ന് ജനങ്ങൾ കരുതിയത് അരവിന്ദ് കെജ്രിവാളിൻ്റെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ടല്ല. വ്യക്തമായ നിലപാട് അറിഞ്ഞാണ്. ഈ വസ്തുത ഗ്രഹിക്കാൻ ഇന്ത്യൻ ബഹുസ്വരതയുടെ ആത്മാവ് തൊട്ടറിഞ്ഞ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ മൂന്നാം തലമുറക്ക് കഴിയാത്തതിൻ്റെ കാരണം ദുരൂഹമാണെന്നും ജലീൽ പറഞ്ഞു.

കാക്ക കുളിച്ചാൽ കൊക്കോ, കൊക്ക് കരിയിൽ ഉരുണ്ടാൽ കാക്കയോ ആവില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്ത ഒരേയൊരു പാർട്ടിയേ ഇന്ത്യയിലുള്ളൂ. അത് കോൺഗ്രസ്സാണ്. രാഹുൽ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാൻ കഴിയില്ല. ഭസ്മവും കുങ്കുമവും നെറ്റിയിൽ എത്ര നീളത്തിലും വീതിയിലും ചാർത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല.

കപിൽ സിബിലും ശശി തരൂരും ജയറാം രമേശും എന്തേ ഇതൊന്നും രാഹുലിനും പ്രിയങ്കക്കും ഓതിക്കൊടുക്കാത്തത്? സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത "പയ്യൻ്റെ" സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുൽ ഗാന്ധി ഉയരാൻ ഇനിയും എത്ര കാലം കാത്തിരിക്കണം?

10 വയസ്സ് മാത്രം പ്രായമുള്ള ഒരു പാർട്ടി ഡൽഹിയിൽ നിന്ന് ചൂലുമായി ചെന്ന് പഞ്ചാബ് തൂത്തുവാരിയ കഥ രാഷ്ട്രീയ വിദ്യാർത്ഥികളിൽ അത്യന്തം കൗതുകം ഉണർത്തുന്നതാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒരു പെട്ടിയിൽ വീഴ്ത്താനുള്ള നയതന്ത്രജ്ഞത അഖിലേഷ് യാദവിന് ഉണ്ടായില്ലെങ്കിൽ യുപിയിലെ പ്രതിപക്ഷ നേതാവായി ആജീവനാന്തം കഴിച്ചു കൂട്ടേണ്ടി വരും.

മായാവതിയും കോൺഗ്രസ്സും ഉവൈസിയും അഖിലേഷിന് നിരുപാധിക പിന്തുണ നൽകാത്തെടത്തോളം കാലം, ബി.ജെ.പിയെ ഉത്തർപ്രദേശിൽ തളക്കാനാവില്ലെന്ന പാഠവും കൂടി നൽകുന്നുണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഇരുണ്ട നാളുകളാണ് മുന്നിലെന്ന് ആരും ആശങ്കിക്കേണ്ട. സർവ്വതും കലങ്ങിത്തെളിയും. എല്ലാ കയറ്റങ്ങൾക്കും ഒരിറക്കമുണ്ടാകും. എല്ലാ പ്രഭാതങ്ങൾക്കും ഒരു പ്രദോഷമെന്ന പോലെ. ജയിച്ചവർക്ക് മനുഷ്യരെ ഒന്നായി കാണാൻ സൽബുദ്ധി തോന്നട്ടെ. പരാജിതർക്ക് കൂടുതൽ കരുത്തോടെ പരസ്പരം ഐക്യപ്പെട്ട്, നഷ്ടപ്പെട്ട വിജയം വീണ്ടെടുക്കാനും കഴിയട്ടെയെന്നും ജലീൽ പറഞ്ഞു.

Story highlights: 'No matter how much saffron Rahul Gandhi wears, he cannot be another Modi'; says kt jaleel

Next Story