ദിലീപിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ സമ്മർദ്ദമുണ്ടായിരുന്നില്ല, ദേഹോപദ്രവം ഉണ്ടായിട്ടില്ലെന്നും എ വി ജോര്‍ജ്ജ്
ദിലീപും താനും തമ്മില്‍ വ്യക്തിബന്ധമില്ല. അതിനാല്‍ വൈരാഗ്യവുമില്ല
2 April 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാരില്‍ നിന്നും സമ്മര്‍ദമുണ്ടായിട്ടില്ലെന്ന് മുന്‍ ഐജി എ വി ജോര്‍ജ്ജ്. വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ വധശ്രമം നടന്നിട്ടില്ല, ഗൂഢാലോചന കേസില്‍ മൊഴിയെടുത്തിരുന്നു. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഈ കേസില്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ ദിലീപിന്റെ അറസ്റ്റ് ശരിയാണെന്ന് സാധൂകരിക്കുന്നതാണെന്നും എവി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ദിലീപും താനും തമ്മില്‍ വ്യക്തിബന്ധമില്ല. അതിനാല്‍ വൈരാഗ്യവുമില്ല. ദിലീപില്‍ നിന്നും ഭീഷണിയുള്ളതായി അറിഞ്ഞിരുന്നില്ല. പിന്തുടരുന്നതായോ ഭീഷണിയുള്ളതായോ തോന്നിയിട്ടില്ല. തങ്ങള്‍ക്കെല്ലാം ഭീഷണിയുണ്ടെന്ന് നിലവില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തലെന്നും എവി ജോര്‍ജ്ജ് പറഞ്ഞു.
ദിലീപിലേക്ക് കേസന്വേഷണം എത്തണമെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഏതെങ്കിലും പ്രതി താന്കുറ്റം ചെയ്തിട്ടുണ്ടെന്ന് പറയുമോ, നിരപരാധിയാണ് എന്നല്ലേ ആവര്ത്തിക്കൂവെന്നും എ പി ജോര്‍ജ്ജ്. ഒരിക്കല്‍ പോലും ദിലീപിനെ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ഡിജിപി ആയിരിക്കെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജയിലില്‍ ചില സൗകര്യങ്ങള്‍ നല്‍കിയെന്ന ആര് ശ്രീലഖയുടെ പ്രസ്താവനയ്ക്കെതിരെയും എവി ജോര്‍ജ് രംഗത്തെത്തി. ജയിലില്‍ എല്ലാവര്ക്കും തുല്യ പരിഗണനയാണ് നല്‍കുക. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്കാന് പറ്റില്ല. എന്തിന് അത്തരം സൗകര്യം ദിലീപിന് നല്‍കിയെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കണമെന്നും എവി ജോര്‍ജ് പറഞ്ഞു.