Top

'ഇനിയൊരച്ഛനും ഈ ഗതി വരരുത്'; വിസ്മയാ കേസില്‍ വിധി കേള്‍ക്കാന്‍ പിതാവ് കോടതിയിലേക്ക്

23 May 2022 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയൊരച്ഛനും ഈ ഗതി വരരുത്; വിസ്മയാ കേസില്‍ വിധി കേള്‍ക്കാന്‍ പിതാവ് കോടതിയിലേക്ക്
X

കൊല്ലം: വിസ്മയ കേസിൽ വിധി കേൾക്കാൻ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലെത്തും. സമൂഹത്തിന് മാതൃകയായ വിധിയാരിക്കും എന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ് പറഞ്ഞു. അങ്ങേയറ്റം കുറ്റമറ്റ അന്വേഷണമാണ് നടന്നത്. എന്റെ മോൾ അനുഭവിച്ച കഷ്ടപ്പാടുകൾക്കുള്ള പരിഹാരമായി വിധിയെ കാണും. കോടതിയിൽ പരിപൂർണ വിശ്വാസമുണ്ടെന്നും ത്രിവിക്രമൻ നായർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

പ്രതിഭാ​ഗം വക്കീൽ ആ​ദ്യം തങ്ങളെ സമീപിച്ചിരുന്നെന്നും. കേസിന്റെ പബ്ലിക് പോസിക്യൂട്ടറായി അദ്ദേഹത്തിന് വരണം, അതിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകണമെന്നും പറഞ്ഞതായും വിസ്മയയുടെ പിതാവ് വ്യക്തമാക്കി. അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്. കേസിലൂടെ സമൂഹത്തിന് നല്ല സന്ദേശം കൊടുക്കാൻ കഴിയും. അതിനാൽ ഈ കേസ് അദ്ദേഹത്തിന് കൊടുക്കണമെന്ന് രണ്ട് ജൂനിയർമാർ ഞങ്ങളെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആ​​ഗ്രഹം തന്നെ വിധിയായി വരട്ടെയെന്നാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.

സ്ത്രീധനം ചോദിച്ച് വരുന്നവർക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകരുത്. നാട്ടിൽ ഞാനുൾപ്പെടുന്ന കരയോ​ഗത്തിൽ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. എനിക്ക് സംഭവിച്ചത് പോലെ ഇനിയൊരച്ഛനും അമ്മയ്ക്കും സംഭവിക്കരുത്. കാരണം കോടതിയിൽ ആ കൂട്ടിനകത്ത് ഇരിക്കുന്ന രം​ഗം ഒരച്ഛനും ഉണ്ടാവരുതേ എന്നാണ് പ്രാർത്ഥനയെന്നും വിസ്മയുടെ പിതാവ് വ്യക്തമാക്കി.

കിരണിന് സമ്മാനമായിട്ടല്ല കാർ നൽകിയത്. സ്ത്രീധനമായി ചോദിച്ച് വാങ്ങിയതാണ്. കാറിന് പുറമെ 80 പവനോളം സ്വർണവും കൊടുത്തു.20 പവന്റെ കുറവുണ്ടായിട്ട് മകളെ നിരന്തരം ശല്യം ചെയ്തു. വസ്തു വിറ്റ് പണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ്മയ കേസിൽ ഇന്നാണ് കോടതി വിധി പറയുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കേടതിയാണ് വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാ​ഗത്തിന് വേണ്ടി പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

Story Highlight: no father should go through this; vismayas father to hear court verdict

Next Story