Top

പുതുവര്‍ഷത്തില്‍ ലഹരി ഉപയോഗം വേണ്ട; തടയാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്

സേനയില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്

19 Dec 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതുവര്‍ഷത്തില്‍ ലഹരി ഉപയോഗം വേണ്ട; തടയാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്
X

കോട്ടയം: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഉണ്ടാകും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഈ കാര്യം വ്യക്തമാക്കിയത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കും. കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ട്. അത് ഇതുവരെ വിജയകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ഉണ്ടാകും. പട്രോളിങ്ങുകള്‍ നടക്കും. രഹസ്യ വിവരം ലഭിച്ചാല്‍ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊലീസും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സേനയില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്കായി ബോധവത്കരണ പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. നിലക്കലിലെ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും പേട്ട തുള്ളല്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനും നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേസുകള്‍ പരിശോധിക്കുമ്പോള്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 200 ശതമാനം മുതല്‍ 300 ശതമാനം വരെ ആണ് വര്‍ധനവ്.

Story Highlights: No drug use in New Year; Police special drive to stop

Next Story