ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ; രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ്, പ്രസിഡന്റ് പുറത്തായി
ബിജെപിയുടെ അവിശ്വാസത്തെ പിന്തുണയ്ക്കേണ്ട ഗതികേടില്‍ തങ്ങളെ എത്തിച്ചത് പാര്‍ട്ടി നേതൃത്വവും സത്യഭാമയുമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു
14 Jan 2023 6:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചു. പ്രസിഡന്റ് ആര് സത്യഭാമയ്ക്കെതിരായി ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് വിജയിച്ചത്. ബിജെപിയുടെ ഏഴ് അംഗങ്ങള്‍ക്കൊപ്പം മൂന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്‍ഗ്രസ് (ജേക്കബ്) അംഗവും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. എല്‍ഡിഎഫിന്റെ നാല് അംഗങ്ങളും പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇവര്‍ മാറി നിന്നു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് പ്രവര്‍ത്തകര്‍ അവിശ്വാസ പ്രമേയത്തിനൊപ്പം നിന്നത്. കോണ്‍ഗ്രസിനെതിരായി മത്സരിച്ചു വിജയിച്ച പ്രസിഡന്റിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അഴിമതി ആരോപണം നേരിടുന്നയാളെ പിന്തുണയ്ക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പ്രമേയത്തെ പിന്തുണച്ച യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ നറുക്കെടുപ്പിലാണ് സ്വതന്ത്രയായ സത്യഭാമ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അവസാന നിമിഷം വരെ രാജിവയ്ക്കാന്‍ അവസരം നല്‍കിയെന്നും ബിജെപിയുടെ അവിശ്വാസത്തെ പിന്തുണയ്ക്കേണ്ട ഗതികേടില്‍ തങ്ങളെ എത്തിച്ചത് പാര്‍ട്ടി നേതൃത്വവും സത്യഭാമയുമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അംഗങ്ങളായ എന്‍ ജയചന്ദ്രനും രമണി വര്‍ഗീസും പ്രസിഡന്റ് ആര് സത്യഭാമയും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയം വിജയിച്ചതായി കൊട്ടാരക്കര ബ്ലോക് പഞ്ചായത്ത് സെക്രട്ടറി ആര് ദിനില്‍ പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെയും സത്യത്തിന്റെയും വിജയമാണ് ഇതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ വിവാദങ്ങളാണ് ബിജെപി ഉയര്‍ത്തിയത് എന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആര് സത്യഭാമ പറഞ്ഞു.
STORY HIGHLIGHTS: No Confidence Motion Moved by the BJP in Neduvathur Gram Panchayat was Successful