Top

ജോജുവിനെതിരെ കേസില്ല; റോഡ് ഉപരോധിച്ചതിനും വാഹനം തകര്‍ത്തതിനും കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ മാളയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

1 Nov 2021 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോജുവിനെതിരെ കേസില്ല; റോഡ് ഉപരോധിച്ചതിനും വാഹനം തകര്‍ത്തതിനും കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X

ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തോട് പ്രതികരിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കില്ല. അതേസമയം സമരം നടത്തുകയും റോഡ് ഉപരോധിക്കുകയും വാഹനം തല്ലി തകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജോജു ജോര്‍ജ് വനിത പ്രവര്‍ത്തകരോട് മോശമായി പെരുമാറിയയെന്ന് കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെടുക്കുവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ മാളയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. വലിയപറമ്പ് അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജോജുവിന്റെ വസതിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ കയ്യാങ്കളിയുണ്ടായി. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ ജോണാണ് ഉദ്ഘാടനം ചെയ്തത്. തന്റെ പിഴവ് പൊതുജനത്തോട് ഏറ്റുപറഞ്ഞ് മാപ്പ് പറയാന്‍ ജോജു ജോര്‍ജ് തയ്യാറാകണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധിക്കല്‍ സമരത്തിനെതിരെ രംഗത്തുവന്ന നടന്‍ ജോജു ജോര്‍ജ് പെരുമാറിയത് ഗുണ്ടകളെ പോലെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ വൈദ്യ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ ജോജു മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായിരുന്നു.

ഉപരോധ സമരത്തിനെതിരേ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തില്‍ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്ന് ആരോപിച്ചായിരുന്നു ജോജു ജോര്‍ജ് സമരക്കാര്‍ക്ക് എതിരെ തിരിഞ്ഞത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഇടപ്പള്ളിക്ക് സമീപമാണ് പ്രതിഷേധം ഉയര്‍ത്തിയത്.മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Next Story