Top

'സഹോദരിമാര്‍ റോഡില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥത്തിന് ശ്രമിച്ചിട്ടില്ല'; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ

കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് പോലീസ് സ്വീകരിക്കാന്‍ പാടില്ലെന്നും ലീഗ് നേതാവ്

24 April 2022 2:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹോദരിമാര്‍ റോഡില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥത്തിന് ശ്രമിച്ചിട്ടില്ല; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ
X

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദ്. യാത്രയിലായതിനാല്‍ താന്‍ സംഭവത്തേക്കുറിച്ച് നടത്തിയ പ്രതികരണം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് വള്ളിക്കുന്ന് എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ വ്യക്തത മനസിലാക്കി പ്രതികരിക്കാറാണ് പതിവ് ശൈലി. വിഷയത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് എന്റെ പക്ഷം. കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് പോലീസ് സ്വീകരിക്കാന്‍ പാടില്ലെന്നും ലീഗ് നേതാവ് പ്രതികരിച്ചു.

പൊന്നാനിയിലേക്കുള്ള യാത്രക്കിടെയാണ് തനിക്ക് കോള്‍ വന്നതെന്ന് പി അബ്ദുള്‍ ഹമീദ് പറഞ്ഞു. യാത്രയിലായതിനാലും ദേശീയ പാത വികസനം നടക്കുന്നതിനാല്‍ പലയിടങ്ങളിലെ ടവറുകള്‍ നെറ്റ് വര്‍ക്ക് പ്രശ്‌നം ഉള്ളതിനാലും വേണ്ടത്ര സംസാരം മുഴുവനായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ ചാനല്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലേക്ക് കണക്ട് ഇപ്പോള്‍ ചെയ്യേണ്ടതില്ലെന്നും വിഷയത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കി പിന്നീട് പ്രതികരിക്കാമെന്നും പറഞ്ഞു ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയാണുണ്ടായതെന്നും മുസ്ലീം ലീഗ് എംഎല്‍എ വ്യക്തമാക്കി.

ഈ മാസം 16നാണ് സഹോദരിമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവമുണ്ടായത്. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവരെ ഇബ്രാഹിം ഷബീര്‍ എന്നയാള്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. അപകടകരമായി വാഹനമോടിക്കുന്നത് ചോദ്യം ചെയ്തതിനേത്തുടര്‍ന്നായിരുന്നു ആക്രമണം. കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം വാഹനമോടിച്ചിരുന്ന അസ്നയുടെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹിം ഷബീര്‍ മുസ്ലീം ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ അസ്‌ന ആരോപിച്ചിരുന്നു.

Story Highlights: no attempt to mediate p abdul hameed mla on panambra road rage attack

Next Story