Top

'വിദ്യാര്‍ഥി സ്‌കൂളില്‍ തന്നെ, വിവരം പുറത്തുവിട്ടത് സഹപാഠികള്‍'; ബിരിയാണി കഥയിലെ 'ബാഹ്യ ശക്തി'കളെക്കുറിച്ച് എന്‍എന്‍ കൃഷ്ണദാസ്

''അപ്പോള്‍ ആ കുട്ടി സത്യം തുറന്ന് പറഞ്ഞു. എന്നെക്കൊണ്ട് ചില 'ബാഹ്യ ശക്തി'കള്‍ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന്.''

30 July 2022 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥി സ്‌കൂളില്‍ തന്നെ, വിവരം പുറത്തുവിട്ടത് സഹപാഠികള്‍; ബിരിയാണി കഥയിലെ ബാഹ്യ ശക്തികളെക്കുറിച്ച് എന്‍എന്‍ കൃഷ്ണദാസ്
X

പാലക്കാട് പാത്തിരിപ്പാല സ്‌കൂളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന ബിരിയാണി കഥ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി എന്‍എന്‍ കൃഷ്ണദാസും. കോണ്‍ഗ്രസ്-എസ്ഡിപിഐ-ബിജെപി നേതാക്കള്‍ സൃഷ്ടിച്ചതാണ് ബിരിയാണി കഥ. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥി എസ്എഫ്‌ഐ സമരത്തിന് പോയിരുന്നില്ലെന്ന വിവരം പുറത്ത് പറഞ്ഞത് സഹപാഠികള്‍ തന്നെയാണെന്ന് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

കോണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി നേതാക്കളുടെ വീട്ടിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തിയാല്‍ എസ്എഫ്‌ഐയുടെ ഭാഗമാവുകയാണ്. അതിന്റെ മനോവിഷമമാണ് ഇത്തരം അപവാദങ്ങളായി പുറത്തുവരുന്നതെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞത്: അങ്ങനെ ആ നുണയും പൊളിഞ്ഞു. SFI നേതൃത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് ഇക്കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനി വിദ്യാര്‍ഥികള്‍ അതില്‍ പങ്കെടുത്തിരുന്നു. അതിന്റെ പിറ്റേ ദിവസം പത്തിരിപ്പാല സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രക്ഷിതാക്കളുടെ വേഷത്തില്‍ ചില കോണ്‍ഗ്രസ്സ് SDPI ബിജെപി നേതാക്കള്‍ പ്രത്യക്ഷപ്പെടുകയും അവരുടെ അനുമതിയില്ലാതെ അവരുടെ വീട്ടിലെ കുട്ടികളെ SFI ക്കാര്‍ 'തട്ടിക്കൊണ്ടു പോയി' സമരത്തില്‍ പങ്കെടുപ്പിച്ചതായി വലിയ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അധികം വൈകാതെ ചില വലത് പക്ഷ ചാനലുകള്‍ അതേറ്റു പിടിച്ചു.

കഥ ഒന്ന് കൂടി കൊഴുപ്പിക്കാന്‍ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ 'ബിരിയാണി' വാഗ്ദാനം ചെയ്‌തെന്നും, അത് കൊടുക്കാതെ പറ്റിച്ചെന്നും ചില വലത് പക്ഷ ചാനലുകള്‍ പ്രചരണം നടത്തി. 'സ്‌പെഷ്യല്‍ എഫക്റ്റ്' ഉണ്ടാക്കാന്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് കാരനായ ഒരു വിദ്യാര്‍ഥിയുടെ ബൈറ്റും കൊടുത്തു. എന്നാല്‍ വലത് ചാനലുകാര്‍ അവതരിപ്പിച്ച ആ ' ആണ്‍ കുട്ടി' സമരത്തിന് പോയിരുന്നില്ല. സ്‌കൂളില്‍ തന്നെ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സഹപാഠികള്‍ ഇത് പുറത്തറിയിച്ചു. അപ്പോള്‍ ആ കുട്ടി സത്യം തുറന്ന് പറഞ്ഞു. എന്നെക്കൊണ്ട് ചില 'ബാഹ്യ ശക്തി'കള്‍ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ആ 'ബാഹ്യ ശക്തി'കള്‍ കോണ്‍ഗ്രസ്സ് SDPI ബിജെപി പ്രാദേശിക നേതാക്കളാണെന്നും വ്യക്തമായി. ഇതോടെ ആ കഥയും പൊളിഞ്ഞു.

സമരത്തിന് പോകാത്ത കുട്ടിയെ അപവാദം പറയാന്‍ സാക്ഷിയാക്കി ഇറക്കിയ വലത് ചാനലുകള്‍ക്ക് സ്വതവേ ലജ്ജയില്ലാത്തവരായത് കൊണ്ട് അവര്‍ പിന്നെ നിശ്ശബ്ദരായി. ഇക്കാര്യത്തില്‍ ഒരു സത്യം പുറത്ത് വന്നു. കോണ്‍ഗ്രസ്സ് SDPI ബിജെപി നേതാക്കളുടെ വീട്ടിലെ കുട്ടികളും, വിദ്യാലയങ്ങളില്‍ എത്തിയാല്‍ SFI ആവുകയാണ്. അതിന്റെ മനോവിഷമം ഇത്തരം അപവാദങ്ങള്‍ ആയി പുറത്ത് വരുന്നു. എന്തെല്ലാം അപവാദങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചാലും SFIയെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെടുത്താനാവില്ല. വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ SFI ഒരു തീജ്വാല തന്നെയാണ്. ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാല.....

'ബിരിയാണി കിട്ടിയില്ല'; പരാതിപ്പെട്ട വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍

ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തില്‍ ട്വിസ്റ്റ്. എസ്എഫ്‌ഐ പരിപാടിയില്‍ പങ്കെടുത്താല്‍ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കള്‍ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിരിയാണി വാഗ്ദാനം നല്‍കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞിരുന്നു.

27-ാം തീയതി എസ്എഫ്‌ഐ നടത്തിയ പ്രതികരണം: ''എന്തെങ്കിലും വാഗ്ദാനം കൊടുത്തിട്ട് അല്ല എസ്എഫ്‌ഐ കുട്ടികളെ കൊണ്ടുപോയത്. പത്തിരിപ്പാല എത്തി കുട്ടികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം വാങ്ങി നല്‍കാന്‍ ഭാരവാഹികള്‍ ഇറങ്ങി ഹോട്ടലിലേക്ക് കയറാന്‍ നില്‍ക്കുമ്പോഴാണ് ചിലര്‍ വന്ന് മനപൂര്‍വ്വം പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ബിരിയാണി കൊടുത്ത് എസ്എഫ്‌ഐ കുട്ടികളെ പരിപാടിക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ വസ്തുത എന്താണെന്ന് അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.''

''വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മാര്‍ച്ചിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എസ്എഫ്‌ഐക്കില്ല. പ്രദേശത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ യൂണിറ്റാണ് പത്തിരിപ്പാലത്തേത്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. യാതൊരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ല. മാര്‍ച്ച് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു. വന്ന താല്‍പര്യമുള്ള വിദ്യാര്‍ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കുകയാണ് ഉണ്ടായത്.''

''രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ ഭാഗമാക്കുന്നത്. എസ്എഫ്‌ഐയോട് താല്‍പര്യമുള്ളവരെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ഇല്ലാത്ത ഒരു ബിരിയാണി കഥയുണ്ടാക്കുകയായിരുന്നു. എസ്എഫ്‌ഐയെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചരണം രാഷ്ട്രീയ താല്‍പര്യത്തോടെ ചിലര്‍ നടത്തുന്നത്. രാഷ്ട്രീയമുള്ളവരുടെ മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും അതിന്റെ ഭാഗമായാണ് ബൈറ്റ് അടക്കം പുറത്തുവന്നത്.''

Next Story

Popular Stories