Top

'ഇന്ത്യൻ ഹിന്ദുക്കൾക്ക് ​ഗൾഫിൽ തൊഴിൽ നിരോധനം വന്നാൽ എന്തു ചെയ്യും?' പ്രവാചക നിന്ദ പ്രസ്താവനയിൽ എൻ ലാൽകുമാർ

'ഒട്ടും ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്താവനകൾ ഇറക്കി നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി മാത്രം ചില നേതാക്കന്മാർ ഇറങ്ങിയിട്ടുണ്ട്. അവരെ ആദ്യം ഈ നാട്ടിൽ നിന്ന് ഓടിക്കണം'

6 Jun 2022 11:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യൻ ഹിന്ദുക്കൾക്ക് ​ഗൾഫിൽ തൊഴിൽ നിരോധനം വന്നാൽ എന്തു ചെയ്യും? പ്രവാചക നിന്ദ പ്രസ്താവനയിൽ എൻ ലാൽകുമാർ
X

ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പ്രസ്താവനയിൽ പ്രതികരണവുമായി ഇടതു നിരീക്ഷകൻ എൻ ലാൽകുമാർ. ബിജെപിക്കാർ കാരണം ഗൾഫിൽ ജോലിചെയ്യുന്ന മലയാളികൾക്കാണ് ശരിക്കും പണി കിട്ടാൻ പോകുന്നതെന്ന് ലാൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. 'ഇന്ത്യൻ ഹിന്ദുക്കളെ അവിടെ ജോലിക്ക് എടുക്കേണ്ട എന്ന് അവർ തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യും? ഒരുപാട് മനുഷ്യർ പട്ടിണിയിൽ ആകും. ഒട്ടും ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്താവനകൾ ഇറക്കി നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി മാത്രം ചില നേതാക്കന്മാർ ഇറങ്ങിയിട്ടുണ്ട്. അവരെ ആദ്യം ഈ നാട്ടിൽ നിന്ന് ഓടിക്കണം.' ലാൽ കുമാർ പറഞ്ഞു.

ഗ്യാൻവാപി വിഷയത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു

STORY HIGHLIGHTS: NL LALKUMAR AGAINST BJP LEADERSHIP

Next Story