Top

മുല്ലപ്പെരിയാർ സന്ദർശനത്തിന് എംപിമാർക്ക് അനുമതിയില്ല; അന്തർധാരയുടെ ഭാഗമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അണക്കെട്ടിലേയ്ക്ക് പോകേണ്ട എന്നാണ് എംപിമാരുടെ തീരുമാനം.

22 Nov 2021 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാർ സന്ദർശനത്തിന് എംപിമാർക്ക് അനുമതിയില്ല; അന്തർധാരയുടെ ഭാഗമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
X

എംപിമാരായ എൻ കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നൽകിയിരുന്നെന്നും എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കാര്യങ്ങൾ പുറത്തു വരാതിരിക്കാനാണ് തങ്ങളെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

'മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ നിരവധി തവണ അനുമതിക്കായി ജില്ലാ കളക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാൻ ചീഫ് സെക്രട്ടറിക്കായില്ല'

കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തർധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എംപി ആരോപിച്ചു. അവിഹിതമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സംസ്‌ഥാന താല്പര്യം ബലി കഴിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മൗനത്തിന് ഇതുമായി ബന്ധമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സംസ്ഥാന പൊലീസിനാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല. ജില്ല കളക്ടറോ എസ്പിയോ ആണ് ഇത് സംബന്ധിച്ച് മറുപടി നൽകേണ്ടത്. എന്നാൽ ഈ സംഭവത്തിൽ രേഖാമൂലമുള്ള നിർദേശങ്ങളൊന്നും പൊലീസിനോ വനം വകുപ്പിനോ ലഭിച്ചിട്ടില്ലെന്നും എംപി ചൂണ്ടിക്കാട്ടി. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അണക്കെട്ടിലേയ്ക്ക് പോകേണ്ട എന്നാണ് എംപിമാരുടെ തീരുമാനം.


Next Story

Popular Stories