Top

'യാതൊരു ആത്മാര്‍ത്ഥതയുമില്ല'; സുരേഷ് ഗോപിയുടെ പ്രതികരണം തരംതാഴ്ന്നു പോയെന്ന് എന്‍ കെ അക്ബര്‍

കേന്ദ്രത്തില്‍ ബിജെപി രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ വന്നു പത്രസമ്മേളനം നടത്തി വാഗ്ദാനങ്ങള്‍ നിരത്തി പോയി എന്നല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയുള്ള പരിമിത പദ്ധതികളല്ലാതെ ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല

22 Aug 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാതൊരു ആത്മാര്‍ത്ഥതയുമില്ല; സുരേഷ് ഗോപിയുടെ പ്രതികരണം തരംതാഴ്ന്നു പോയെന്ന് എന്‍ കെ അക്ബര്‍
X

ഗുരുവായൂര്‍: സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ കെ അക്ബര്‍ എംഎല്‍എ. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയുടെ സംവാദവും പ്രതികരണവും തരംതാണു പോയി. മേല്‍പ്പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ നടക്കുകയാണെന്നും എന്‍ കെ അക്ബര്‍ പ്രതികരിച്ചു.

എല്ലാ മാസവും കൃത്യമായി അവലോകനം യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണികള്‍ ക്രമീകരിക്കുന്നത്. ഇതിനിടെയിലാണ് മുന്‍ എം പി എല്ലാ തടസങ്ങളും നീക്കുമെന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞതെന്ന് എംഎല്‍എ ചോദിച്ചു.

റെയില്‍വേ മേല്‍പ്പാലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നത്. 22 കോടി രൂപ ചെലവഴിച്ച് കൊണ്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന് മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മറിച്ചുള്ള കപടപ്രചാരണങ്ങള്‍ ജനം വിശ്വാസത്തിലെടുക്കരുതെന്നും എന്‍ കെ അക്ബര്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ ബിജെപി രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ വന്നു പത്രസമ്മേളനം നടത്തി വാഗ്ദാനങ്ങള്‍ നിരത്തി പോയി എന്നല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയുള്ള പരിമിത പദ്ധതികളല്ലാതെ ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. അത്‌കൊണ്ട് ബിജെപിയുടെയും, ബിജെപി നേതാവിന്റെയും ഇത്തരം പരാമര്‍ശങ്ങളില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല എന്നുള്ളതാണ് സത്യം. പൂര്‍ണമായ പ്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ മാത്രമാണ് സര്‍വീസ് റോഡും പൂര്‍ണമായി തുറന്നുകൊടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Story highlights: NK Akbar said that Suresh Gopi's response was degraded about Guruvayoor Railway bridge

Next Story