Top

സിപിഐഎം സംസ്ഥാന സമ്മേളനം; ഗള്‍ഫില്‍ നിന്ന് ഒമ്പത് പ്രതിനിധികള്‍

3 March 2022 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം സംസ്ഥാന സമ്മേളനം; ഗള്‍ഫില്‍ നിന്ന് ഒമ്പത് പ്രതിനിധികള്‍
X

കൊച്ചി: സിപിഐഐം സംസ്ഥാന സമ്മേളനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികളായി പങ്കെടുക്കുന്നത് ഒമ്പതുപേര്‍. ഇതാദ്യമായാണ് വിദേശത്ത് നിന്നുള്ള മലയാളികള്‍ സമ്മേളനത്തില്‍ മുഴുനീള പ്രതിനിധികളായി പങ്കെടുക്കുന്നത്.

നിരീക്ഷകരായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഈ പ്രതിനിധികള്‍ നാല് ദിവസവും സമ്മേളനത്തില്‍ തുടരും. ഒമാനില്‍ നിന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനറുമായ പിഎം ജാബിറാണ് പ്രതിനിധിയായിട്ടുള്ളത്.

പത്മനാഭന്‍, കുഞ്ഞഹമ്മദ്, മുരളി എന്നിവര്‍ യുഎഇയില്‍ നിന്നും ജിദ്ദയില്‍ നിന്ന് ഷിബുവും ദമാമില്‍ നിന്ന് ജോര്‍ജും ബഹ്‌റൈനില്‍ നിന്ന് ശ്രീജിത്തും ഖത്തറില്‍ നിന്ന് പ്രമോദും കുവൈത്തില്‍ നിന്ന് അജിത്തും പങ്കെടുക്കും.

കേരളത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ഒരേപോലെ ഏറ്റെടുക്കുന്ന സ്ഥലങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. രാഷ്ട്രീയ ചർച്ചകളും വാദപ്രതിവാദങ്ങളുമെല്ലാം സജീവമാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നത് സിപിഐഎം തീരുമാനിച്ചിരുന്നു. അങ്ങനെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇത്രയും പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായത്.

മാര്‍ച്ച് ഒന്നിന് ആരംഭിച്ച് നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 450 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക.ഡല്‍ഹിയിലെ ചെങ്കോട്ട മാതൃകയിലാണ് മറൈന്‍ഡ്രൈവിലെ സമ്മേളനവേദി ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ട അങ്കണം പോലെയാണ് സ്റ്റേജും. അതേ മാതൃകയില്‍ തന്നെയാണ് ചുറ്റുമതിലും. പ്രതിനിധി സമ്മേളനം ബി. രാഘവന്‍ നഗറിലും പൊതുസമ്മേളനം ഇ. ബാലാനന്ദന്‍ നഗറിലും സെമിനാര്‍, കലാപരിപാടികള്‍, പ്രദര്‍ശനം എന്നിവ ഹെലിപ്പാഡിലെ അഭിമന്യു നഗറിലുമാണ് നടക്കുക. പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച 12,343 പേരുടെ ഓര്‍മ്മയ്ക്കായി പ്രചാരണ ഗേറ്റുകള്‍, കമാനങ്ങള്‍, സ്തൂപങ്ങള്‍ തുടങ്ങിയവ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. 200 ചുവപ്പ്‌സേന വൊളണ്ടിയര്‍മാരാണ് സമ്മേളനവേദിയിലുണ്ടാവുക.

Story Highlights: Nine Delegates From GCC For CPIM State Conference

Next Story