Top

'നിമിഷ പ്രിയ കുറ്റവാളിയല്ല'; സർക്കാർ സഹായിച്ചില്ലെങ്കിൽ മോചനം ലഭിക്കില്ലെന്ന് അമ്മ

മോചനദ്രവ്യം സമാഹരിക്കുന്നതിനുളള തടസ്സം സർക്കാർ ഇടപെട്ട് നീക്കണം.

13 March 2022 1:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിമിഷ പ്രിയ കുറ്റവാളിയല്ല; സർക്കാർ സഹായിച്ചില്ലെങ്കിൽ മോചനം ലഭിക്കില്ലെന്ന് അമ്മ
X

പാലക്കാട്: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയക്കായി കേരളാ സർക്കാരും കേന്ദ്ര സർക്കാരും ഇടപെടണമെന്ന ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമ. നിമിഷ പ്രിയയുടെ മോചനത്തിനായി രം​ഗത്തുളള സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിനൊപ്പം മോചനദ്രവ്യം സമാഹരിക്കാനും അതിനുളള തടസ്സം നീക്കാനും സർക്കാരുകൾ ഇടപെടണം. സർക്കാർ സഹായം നൽകിയില്ലെങ്കിൽ മോചനം ലഭ്യമാകില്ലെന്നും അമ്മ പ്രേമ പറഞ്ഞു.

'പതിനെട്ട് മാസമായി നിമിഷ പ്രിയക്ക് വേണ്ടി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ എന്ന സംഘടന രം​ഗത്തുണ്ട്. അവരാണ് വക്കീലിനെ ഏർപ്പാടാക്കിത്. യെമനിൽ നിന്നുളള വക്കീലാണ് പറഞ്ഞത് നിമിഷ പ്രിയക്ക് ഒറ്റയ്ക്ക് കൊലപാതകം ചെയ്യാൻ പറ്റില്ല എന്ന്. നിമിഷ പ്രിയക്ക് ഒറ്റക്ക് കൊലപാതകം ചെയ്യാൻ പറ്റില്ല എന്നാണ് ഞാനും വിശ്വാസിക്കുന്നതെന്ന്' നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.

'വധശിക്ഷ ശരിവെച്ചപ്പോൾ മകളെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. മകളുടെ മോചനത്തിനായി കേന്ദ്ര സർക്കാരും കേരളാ സർക്കാരും ഇടപെടണം. മോചന ദ്രവ്യം നൽകിയാൽ വധശിക്ഷ ഒഴിവാകും. മോചനദ്രവ്യം സമാഹരിക്കുന്നതിനുളള തടസ്സം സർക്കാർ ഇടപെട്ട് നീക്കണം. ചെയ്യാത്ത കുറ്റത്തിന് അവളെ ശിക്ഷിക്കരുത്. കൊച്ചുമകൾക്ക് വേണ്ടിയെങ്കിലും അവളെ മോചിപ്പിക്കണം. അമ്മ ജയിലിലാണെന്ന് നിമിഷ പ്രിയയുടെ മകളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും പ്രേമ പറഞ്ഞു.

കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അമ്പത് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിലഉളള സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. വധശിക്ഷയൊഴിവാക്കാൻ നയതന്ത്രതലത്തിൽ ഇടപെടൽ വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യപ്പെട്ടത്. യമൻ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നൽകുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ അപ്പീൽ യമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 70 ലക്ഷം രൂപയാണ് നിമിഷപ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരുക. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമാണ് നിമിഷയുടെ മോചനം സാധ്യമാകൂ. ഇതിനായി ഗോത്ര നേതാക്കളെ ഉൾപ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷൻ കൗൺസിൽ മധ്യസ്ഥചർച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍‍ച്ച നടത്തിയിരുന്നത്.

മോചനദ്രവ്യം സമാഹരിക്കാനുള്ള ആവശ്യം മുൻനിർത്തി നിമിഷപ്രിയ ജയിലിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. 70 ലക്ഷം രൂപ എന്ന മോചനദ്രവ്യത്തിലേക്ക് സ്വമേധയാ സംഭാവന ചെയ്യാൻ തയ്യാറുള്ള ഇന്ത്യക്കാരിൽ നിന്നും സ്വരൂപിക്കുന്ന ധനസഹായം യെമനിലെ ഇന്ത്യൻ എംബസിയിലേക്ക് എത്തിച്ചു കൊടുക്കാനുള്ള സഹായ സഹകരണങ്ങൾ ആണ് സംസ്ഥാന സർക്കാരിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. 2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നല്‍കാന്‍ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

STORY HIGHLIGHTS: Nimisha Priya is Not the Guilty; Her Amma Says She will Not be Released if the Government Does not help

Next Story